മാധ്യമങ്ങളോട് മിണ്ടരുത്; ശബരിമല തന്ത്രിക്ക് ദേവസ്വം വിലക്ക്

Monday, November 5, 2018

ശബരിമല തന്ത്രിക്ക് മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ വിലക്ക്. തന്ത്രി കണ്ഠരര് രാജീവര്‍ക്കാണ് ദേവസ്വം അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ശബരിമലയില്‍ യുവതീ പ്രവേശമുണ്ടായാല്‍ നടയടയ്ക്കുമെന്ന് തന്ത്രി പ്രസ്താവിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് വിലക്കേര്‍പ്പെടുത്തിയതെന്നാണ് സൂചന.

എന്നാല്‍ ജയ്ഹിന്ദ് അടക്കമുള്ള മാധ്യമങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. അതേസമയം തന്‍റെ നിലപാടിലും അഭിപ്രായത്തിലും മാറ്റമില്ലെന്നാണ് അദ്ദേഹം അടുത്ത വൃത്തങ്ങളോട് വ്യക്തമാക്കിയിട്ടുള്ളത്. താഴമണ്‍ കുടുംബത്തിന്‍റെ കൂട്ടായ തീരുമാനമാണിതെന്ന് അദ്ദഹം നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ യോഗക്ഷേമസഭയും തന്ത്രിസമാജവുമെല്ലാം തന്ത്രി കണ്ഠരര് രാജീവര്‍ക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. തന്ത്രിയോട് മാധ്യമങ്ങളെ കാണരുതെന്ന് നിര്‍ദേശം നല്‍കിയതായി ദേവസ്വം പി.ആര്‍.ഒയും സ്ഥിരീകരിച്ചു.