മരം മുറി വിവാദത്തില്‍ സെക്രട്ടേറിയറ്റില്‍ കൂട്ടസ്ഥലംമാറ്റം ; ഉദ്യോഗസ്ഥരെ റവന്യൂവകുപ്പില്‍ നിന്നും മാറ്റി

Wednesday, July 7, 2021

തിരുവനന്തപുരം :  മരം മുറി വിവാദത്തില്‍ സെക്രട്ടേറിയറ്റില്‍ കൂട്ടസ്ഥലംമാറ്റം. അഡീഷണല്‍ സെക്രട്ടറിമാരായ ഗിരിജ കുമാരിയെയും ബെന്‍സിയെയും ഉൾപ്പെടെ നിരവധി പേരെ റവന്യൂവകുപ്പില്‍ നിന്ന് മാറ്റി. സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറും സെക്രട്ടേറിയറ്റ് അസോസിയേഷന്‍ പ്രസിഡന്‍റുമായ ബെന്‍സിയെ റവന്യൂവകുപ്പില്‍ നിന്ന്
കാർഷിക കടാശ്വാസ കമ്മീഷനിലേക്കാണ് മാറ്റിയത്. പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജയതിലകിനെതിരെ പ്രതികരിച്ചതിനാണ് നടപടി.

മരം മുറി ഉത്തരവ് നിയമവിരുദ്ധമെന്ന് ഫയലില്‍ എഴുതിയ അഡീഷണൽ സെക്രട്ടറി ഗിരിജാകുമാരിയെ ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്കാണ് മാറ്റിയത്. മരംമുറിയുമായി ബന്ധപ്പെട്ട കറന്‍റ്, നോട്ട് ഫയലുകള്‍ വിവരാവകാശം വഴി നല്‍കിയ അണ്ടര്‍ സെക്രട്ടറി ശാലിനിയോട് അവധിയില്‍പോകാന്നും നേരത്തെ ആവശ്യപ്പെട്ടിരുന്നു. റവന്യൂവകുപ്പിലെ അഡീഷനല്‍ സെക്രട്ടറി സന്തോഷ് കുമാറിനെ തദ്ദേശ വകുപ്പിലേക്കും മാറ്റി. അതേസമയം സർക്കാരിന്‍റേത് ജീവനക്കാർക്കെതിരെയുള്ള പ്രതികാര നടപടിയെന്ന് പ്രതിപക്ഷം ആരോപിച്ചു.