‘പൊള്ളയായ വാഗ്ദാനങ്ങളല്ല, കൊവിഡ് വ്യാപനം തടയാനുള്ള പ്രതിവിധിയാണാവശ്യം’ : കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

Jaihind Webdesk
Thursday, April 22, 2021

 

ന്യൂഡല്‍ഹി : കൊവിഡ് പ്രതിരോധത്തിലെ കേന്ദ്രസര്‍ക്കാരിന്‍റെ വീഴ്ചകള്‍ക്കെതിരെ വീണ്ടും വിമർശനവുമായി രാഹുല്‍ ഗാന്ധി. കൊവിഡ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ അത് തടയാനുള്ള പ്രതിവിധിയാണാവശ്യമെന്നും പൊള്ളയായ വാഗ്ദാനങ്ങളല്ലെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. രാജ്യത്തെ കൊവിഡ് കേസുകള്‍ മൂന്ന് ലക്ഷവും കടന്ന് കുതിക്കുന്ന പശ്ചാത്തലത്തിലാണ് രാഹുലിന്‍റെ വിമർശനം.

‘ഞാന്‍ ഇപ്പോള്‍ വീട്ടില്‍ ക്വാറന്‍റൈനിലാണ്. പക്ഷേ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കൊവിഡ് ദുരന്തത്തിന്‍റെ കഥകളാണ് കേള്‍ക്കുന്നത്. ഇന്ത്യക്ക് മുന്നില്‍ കൊവിഡ് പ്രതിസന്ധി മാത്രമല്ല ഇപ്പോഴുള്ളത്. ഇതിനൊപ്പം സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ കൂടി പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കൊവിഡ് പ്രതിസന്ധിക്കുളള പ്രതിവിധിയാണാവശ്യം അല്ലാതെ പൊള്ളയായ വാഗ്ദാനങ്ങളല്ല’ – രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

രാജ്യം സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും അതിനെ നേരിടാന്‍ കാര്യക്ഷമമായ പ്രവർത്തനം നടത്താന്‍ കേന്ദ്രത്തിന് കഴിയുന്നില്ല. കേന്ദ്രത്തിന്‍റെ വാക്സിന്‍ നയം രാജ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുന്നതാണെന്നും വിമർശനം ഉയർന്നുകഴിഞ്ഞു. പ്രധാനമന്ത്രിയുടെ വാചകക്കസർത്തിനപ്പുറം ചിട്ടയായ പ്രവർത്തനങ്ങളൊന്നും തന്നെ ഉണ്ടാകുന്നില്ലെന്നാണ് ഉയരുന്ന പരാതി.