ന്യൂഡൽഹി : കേന്ദ്രത്തിന്റെ പ്രതിരോധ, വാക്സിൻ നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നരേന്ദ്ര മോദി സർക്കാരിന്റെ തെറ്റായ നടപടികൾ രോഗസാഹചര്യം മോശമാക്കിയെന്നും വാക്സിൻ കയറ്റുമതി ചെയ്തത് ഇന്ത്യയിൽ ക്ഷാമത്തിനു കാരണമായെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി.
കൊവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരുമായുള്ള വീഡിയോ യോഗത്തിൽ സംസാരിക്കുകയായിരുന്നു കോൺഗ്രസ് അധ്യക്ഷ . ‘പരിശോധനയ്ക്കും പിന്തുടരലിനും വാക്സിനേഷനും മുൻഗണന കൊടുക്കണം. മരുന്ന്, വെന്റിലേറ്റർ എന്നിവ ഉറപ്പാക്കണം. മോദി സർക്കാരിന്റെ തെറ്റായ ഇടപെടൽ കാര്യങ്ങൾ മോശമാക്കി. വാക്സീൻ വിദേശരാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്തത് ഇന്ത്യയിൽ ക്ഷാമത്തിനു കാരണമായി. ആൾക്കൂട്ടങ്ങളുണ്ടാകുന്ന യോഗങ്ങളും തിരഞ്ഞെടുപ്പ് റാലികളും ഒഴിവാക്കണം. രാജ്യതാൽപര്യം മുൻനിർത്തി ഇക്കാര്യത്തിൽ നടപടിയെടുക്കണം.’– സോണിയ ഗാന്ധി പറഞ്ഞു.
കൊവിഡ് വ്യാപനത്തില്‍ കേന്ദ്രത്തിന്റെ വീഴ്ച ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. കൊവിഡ് വ്യാപനം കാര്യക്ഷമമായി നിയന്ത്രിക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ നയങ്ങൾ പരാജയപ്പെട്ടതാണ് രൂക്ഷമായ രണ്ടാം തരംഗത്തിന് വഴിവെച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതിഥി തൊഴിലാളികള്‍ വീണ്ടും പലായനം ചെയ്യേണ്ട അവസ്ഥയിലാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
വാക്സിനേഷൻ കൂട്ടുന്നതിനോടൊപ്പം ജനങ്ങളെ സർക്കാർ സാമ്പത്തികമായി സഹായിക്കേണ്ടതുണ്ട്. പ്രതിരോധ കുത്തിവെപ്പ് വർധിപ്പിക്കുന്നതിനൊപ്പം, ദരിദ്രരുടെ കൈകളില്‍ പണം നൽകേണ്ടതും ആവശ്യമാണ്. ഇത് സാധാരണക്കാരുടെ നിലനില്‍പ്പിനും ഒപ്പം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തകരാതിരിക്കാനും ആവശ്യമാണ്. രാജ്യത്ത് കൊവിഡ് വാക്സിന് ക്ഷാമം നേരിടുമ്പോഴും കയറ്റുമതി അവസാനിപ്പിക്കാത്ത കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ ജനങ്ങളുടെ ജീവന് വില കല്പിക്കാത്തതാണെന്നും രാഹുല്‍ ഗാന്ധി വിമർശിച്ചു.