ആലപ്പുഴ : മന്ത്രി പി തിലോത്തമന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ സിപിഐ പാർട്ടിയില്‍ നിന്ന് പുറത്താക്കി. ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി കൂടിയായ പി പ്രദ്യുതിനെയാണ് പുറത്താക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ചേർത്തലയിലെ ഇടതു സ്ഥാനാർത്ഥിക്ക് എതിരെ പ്രവർത്തിച്ചെന്ന് ആരോപിച്ചാണ് നടപടി.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രദ്യുത് സജീവമായിരുന്നില്ല. ചേര്‍ത്തലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പ്രസാദിനെ തോല്‍പ്പിക്കണമെന്നുള്ള പ്രചരണങ്ങളും പ്രദ്യുത് നടത്തിയെന്ന് പാര്‍ട്ടിക്ക് വിവരം ലഭിച്ചിരുന്നു. പ്രസാദിനെതിരെയുള്ള പ്രദ്യുതിന്‍റെ പ്രചാരണങ്ങളെക്കുറിച്ച് മണ്ഡലം കമ്മിറ്റിക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പ്രദ്യുതിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. മന്ത്രി പി തിലോത്തമന്‍റെ സാന്നിധ്യത്തില്‍ കരുവ ലോക്കല്‍ കമ്മിറ്റി കൂടിയാണ് പുറത്താക്കല്‍ തീരുമാനം എടുത്തത്.
തെരഞ്ഞെടുപ്പിന് ശേഷം സജീവമാകാതിരുന്നവരെ കുറിച്ചുള്ള വിവരങ്ങൾ പാർട്ടി നേതൃത്വം തേടിയിരുന്നു. ഇതിൽ ഏറ്റവും അധികം പരാതി ഉയർന്നത് പ്രദ്യുതിനെതിരായാണ്. ഇതാണ് കടുത്ത നടപടിയിലേക്ക് പോകാൻ കാരണം. പി തിലോത്തമന് ഇക്കുറി സീറ്റ് നിഷേധിച്ചതിലുള്ള പ്രതിഷേധം പ്രവർത്തകർക്കിടയിൽ ഉണ്ടായിരുന്നു. തിലോത്തമന്‍റെ മറ്റ് പേഴ്‌സണല്‍ അംഗങ്ങള്‍ക്കെതിരെയും സമാനമായ ആരോപണങ്ങള്‍ ഉയർന്നിട്ടുണ്ട്.