കോൺഗ്രസ് അധികാരത്തിൽ വന്നാൽ യുവാക്കൾ ജോലിക്കായി മുട്ടിലിഴയില്ല ; ബിജെപിക്കും  സിപിഎമ്മിനും ഒരേ ആശയം ; രാഹുൽ ഗാന്ധി

Sunday, April 4, 2021

തിരുവനന്തപുരം : കേരളത്തിന്‍റെ ഐക്യം തകർക്കാൻ ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപിക്കും ഇടതുപക്ഷത്തിനും ഒരേ മനസാണെന്നും കോൺഗ്രസിനെ ഇല്ലാതാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും  രാഹുല്‍ പറഞ്ഞു. ബിജെപിക്കും  സിപിഎമ്മിനും ഒരേ ആശയമാണ്.  ധാർഷ്ട്യവും വെറുപ്പും ദേഷ്യവുമാണ് ഇടതിന്‍റെ ആശയം. അവര്‍ കേരളത്തെ മനസ്സിലാക്കുന്നു എന്ന് നടിക്കുകയാണ്. നോട്ട് നിരോധനം എന്നത് ഒരു വൈകുന്നേരം കേന്ദ്ര സര്‍ക്കാര്‍ എടുത്ത തീരുമാനമാണ്. രാജ്യത്തെ ആരെയും കേള്‍ക്കാതെയാണ് പ്രധാനമന്ത്രി ആ തീരുമാനം എടുത്തത്. ജി എസ് ടി യും അങ്ങനെ തന്നെ. ഡല്‍ഹിയില്‍ ഇപ്പോള്‍ എന്തുകൊണ്ടാണ് കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്നത്, കൊവിഡ് കാലത്ത് ലോക്ഡൗണും മുന്നറിയിപ്പില്ലാതെ പ്രഖ്യാപിച്ചു, ഇതില്‍ ധാര്‍ഷ്ട്യം മാത്രമാണുള്ളത്.

കോൺഗ്രസ് അധികാരത്തിൽ വന്നാൽ യുവാക്കൾ ജോലിക്കായി മുട്ടിലിഴയില്ല. ഇടതിന് മറ്റുള്ളവരുടെ വേദന മനസിലാവില്ല, അവരോട് യോജിക്കാത്തയാളെ 52 കഷ്ണങ്ങളാക്കി. യുഡിഎഫ് ഒരിക്കലും അത് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്‍റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പാണിത്. കോൺഗ്രസ് സർക്കാരിനെ അധികാരത്തിൽ നിന്നിറക്കാൻ ബിജെപി കേന്ദ്ര ഏജൻസിയെ ഉപയോഗിക്കും . മുരളിയാണ് കേരളത്തിലെ ഏറ്റവും സുപ്രധാനമായ പോരാട്ടം നടത്തുന്നതെന്നും  രാഹുൽ പറഞ്ഞു. നേമത്ത് കോൺഗ്രസിന്‍റെ റോഡ് ഷോയ്ക്ക് ശേഷം നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.