വെള്ളറടയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; ദുരൂഹതകള്‍ തീരുന്നില്ല, പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

Jaihind Webdesk
Saturday, June 22, 2024

 

തിരുവനന്തപുരം: വെള്ളറടയിൽ 13- കാരനെ മരിച്ചനിലയിൽ കണ്ടെത്തി. വെള്ളറട അമ്പലം സ്വദേശികളായ അരുളാനന്ദ കുമാർ-ഷൈനി ദമ്പതിമാരുടെ മകൻ അഭിലേഷ് കുമാറാണ് മരിച്ചത്. വീടിനുള്ളിലെ ജനലിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് പറഞ്ഞു. രാവിലെ പത്തരയോടെ പുറത്ത് പോയി വന്ന അപ്പൂപ്പനാണ് വീട്ടിലെ ജനലിൽ തൂങ്ങിനിൽക്കുന്ന നിലയില്‍ അഭിലേഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഒരു കൈ തുണികൊണ്ട് കെട്ടിയ നിലയിലായിരുന്നു. സംഭവം നടക്കുന്ന സമയത്ത് അഭിലേഷ് അല്ലാതെ മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. കാലുകൾ രണ്ടും നിലത്തുമുട്ടിയിരുന്നു.

കൈകൾ തോർത്തുകൊണ്ട് കെട്ടിവച്ച നിലയിൽ കണ്ടെത്തിയതിനാൽ ആത്മഹത്യയല്ലെന്ന നിഗമനത്തിലാണ് പോലീസ്. സംഭവസ്ഥലത്ത് ബലപ്രയോഗം നടന്നതിന്‍റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായിട്ടില്ല.  അച്ഛൻ അരുളാനന്ദ കുമാറും അമ്മ ഷൈനിയും സ്കൂളില്‍ പിടിഎ യോഗത്തിന് പോയിരിക്കുകയായിരുന്നു. അഭിലേഷിനെ കുറിച്ച് ഒരു പരാതി പോലും ആരും ഇതുവരെ പറഞ്ഞിട്ടില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.