ശമ്പള കമ്മീഷൻ നിർത്തലാക്കാൻ കേന്ദ്ര സർക്കാർ നീക്കം; ഇല്ലാതാകുന്നത് 10 വർഷം കൂടുമ്പോള്‍ ശമ്പളം പരിഷ്കരിക്കുന്ന വ്യവസ്ഥ

Jaihind Webdesk
Saturday, August 31, 2019

കേന്ദ്ര ശമ്പള കമ്മീഷൻ നിർത്തലാക്കാൻ കേന്ദ്ര സർക്കാർ നീക്കം. പത്ത് വർഷം കൂടുമ്പോൾ ശമ്പളം പരിഷ്‌കരിക്കുന്ന വ്യവസ്ഥയാണ് ഇതോടെ ഇല്ലാതാകുന്നത്. ക്ഷാമബത്തയും ശമ്പള പരിഷ്‌കരണവും പേരിൽ മാത്രം ഒതുങ്ങും. ജീവനക്കാരെ പിരിച്ചുവിടുന്നതും പതിവായിരിക്കുകയാണ്. ശമ്പളം ചുരുക്കലിന്‍റെ ഭാഗമാണ് നടപടിയെന്നാണ് സംശയിക്കപ്പെടുന്നത്.

ശമ്പള കമ്മീഷന്‍ നിര്‍ത്തലാക്കുന്നതോടെ പത്ത് വർഷം കൂടുമ്പോഴുള്ള ശമ്പളപരിഷ്കരണം ഇല്ലാതാകും. പകരം പ്രവർത്തന മികവിന്‍റെയും പണപ്പെരുപ്പത്തിന്‍റെയും അടിസ്ഥാനത്തിൽ ആകും ശമ്പള പരിഷ്‌കരണം ഉണ്ടാകുക എന്നതാണ് കേന്ദ്രവുമായി അടുത്തു നിൽക്കുന്ന വൃത്തങ്ങള്‍ പറയുന്നത്. അതേസമയം ജോലിമികവിന്‍റെ അടിസ്ഥാനത്തിലുള്ള ശമ്പള വർധന വ്യവസായ വാണിജ്യ മേഖലയിലെ സംവിധാനമാണ്. ഇത് സർക്കാർ വകുപ്പുകളിൽ പ്രയോഗികമല്ല. ഇപ്പോൾ ഏഴാം ശമ്പള കമ്മീഷൻ ശുപാർശയാണ് പ്രബല്യത്തിൽ ഉള്ളത്. ജീവനക്കാരുടെ ഒട്ടേറെ പ്രക്ഷോഭങ്ങൾക്ക് ശേഷമാണ് പല ശുപാർശകളും നടപ്പാലാക്കിയത്.

നിലവിൽ ശമ്പള പരിഷ്‌കരണം നടത്തുമ്പോൾ അതുവരെയുള്ള ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൽ കൂട്ടിചേർത്ത് ഉയർന്ന അടിസ്ഥാന ശമ്പളം നിശ്ചയിക്കും. അതിനെ അടിസ്ഥാനപ്പെടുത്തിയാണ് പിന്നീട് നിശ്ചിത ശതമാനം വീതം ക്ഷാമബത്ത ലഭിക്കുക. ശമ്പളപരിഷ്കരണം ഇല്ലാതായാല്‍ പഴയ അടിസ്ഥാന ശമ്പളത്തിലാകും ക്ഷാമബത്ത കണക്കാക്കുക. ഇതോടെ ക്ഷാമബത്തയും ശമ്പളവർധനവും പേരിന് മാത്രമാകും. അടിസ്ഥാന ശമ്പളം പരിഗണിച്ചുള്ള ആനുകൂല്യങ്ങളും കുറയും.

അതേസമയം ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും കേന്ദ്രസര്‍ക്കാര്‍ നീക്കമുണ്ട്. പ്രവർത്തനം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാരെ പിരിച്ചുവിടുന്നത് പതിവായിരിക്കുകയാണ്. താഴ്ന്ന തസ്തികകളിലുള്ള 1083 പേരെയാണ് കഴിഞ്ഞ അഞ്ച് മാസത്തിനിടെ പിരിച്ചുവിട്ടത്. ശമ്പളച്ചെലവ് കുറച്ച് സാമ്പത്തികപ്രതിസന്ധി മറികടക്കാനാണ് നടപടിയെന്നാണ് സര്‍ക്കാര്‍ വാദം. അതേസമയം കേന്ദ്ര സര്‍ക്കാരിന്‍റെ പിടിപ്പുകേടിനെ തുടര്‍ന്ന് രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിന് ജീവനക്കാര്‍ ഇരയാക്കപ്പെടുകയാണെന്ന് വ്യാപക ആക്ഷേപം ഉയരുന്നുണ്ട്.