കൊവിഡ് രണ്ടാം തരംഗത്തില്‍ ബിഹാറില്‍ കാരണം രേഖപ്പെടുത്താത്ത 75000 മരണങ്ങള്‍

Jaihind Webdesk
Saturday, June 19, 2021

ബിഹാറില്‍ കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ വിശദീകരിക്കപ്പെടാത്ത കാരണങ്ങളാല്‍ 75,000 ത്തോളം ആളുകള്‍  മരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ജനുവരി മുതല്‍ മേയ്‌ വരെയുള്ള മാസങ്ങളില്‍ 75,000ത്തോളം മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. സംസ്ഥാനത്തിന്‍റെ ഔദ്യോഗിക കൊവിഡ് മരണത്തിന്‍റെ പത്തിരട്ടിയാണിത്. സംസ്ഥാനത്ത് കണക്കില്‍പ്പെടുത്താത്ത കൊവിഡ് മരണമുണ്ടോ എന്ന ചോദ്യമാണ് ഇത് ഉയര്‍ത്തുന്നത്.

2019-ല്‍ ജനുവരി മുതല്‍ മേയ് വരെയള്ള മാസങ്ങളില്‍ ബിഹാറില്‍ 1.3 ലക്ഷത്തോളം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2021-ല്‍ ഇതേ കാലയളവില്‍ ഏകദേശം 2.2 ലക്ഷം മരണമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് സംസ്ഥാനത്തെ സിവില്‍ രജിസ്‌ട്രേഷന്‍ വിഭാഗത്തില്‍നിന്നുള്ള കണക്കുകള്‍ പറയുന്നു. ഏകദേശം 82,500 മരണത്തിന്റെ വര്‍ധനയാണിത്‌. മരണക്കണക്കിലെ ഈ 62 ശതമാനം വര്‍ധനവിന്‍റെ പകുതിയിലധികവും ഈ വര്‍ഷം മെയ് മാസത്തിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

2021 ജനുവരി മുതല്‍ മേയ് വരെയുള്ള മാസങ്ങളിലെ ബിഹാറിലെ ഔദ്യോഗിക കൊവിഡ് മരണസംഖ്യ 7,717 ആണ്. നേരത്തെ ചേര്‍ക്കാതിരുന്ന 3,951 മരണം കൂടി ചേര്‍ത്തതിന് ശേഷം ഈ മാസം ആദ്യം സംസ്ഥാനം പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്. എന്നാല്‍, പുതുക്കിയ കണക്കില്‍ രേഖപ്പെടുത്തിയിരിക്കുന്ന മരണങ്ങള്‍ എപ്പോള്‍ സംഭവിച്ചുവെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഈ വര്‍ഷം നടന്നവയാണെന്നാണ് കരുതപ്പെടുന്നത്.

ജനുവരി മുതല്‍ മേയ് വരെയുള്ള കാലയളവിലെ സംസ്ഥാനത്തെ ഔദ്യോഗിക കൊവിഡ് മരണവും സിവില്‍ രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ രേഖപ്പെടുത്തിയ ആകെ മരണവും തമ്മില്‍ 74,808ന്‍റെ വ്യത്യാസമാണുള്ളത്. കൊവിഡ് മരണസംഖ്യ പുതുക്കിയിട്ടും സംസ്ഥാനത്ത് കണക്കില്‍പ്പെടാത്ത കൊവിഡ് മരണങ്ങളുണ്ടോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.