ബീഹാറിലെ ആള്‍ക്കൂട്ടക്കൊലപാതകത്തില്‍ 7 പേര്‍ അറസ്റ്റില്‍

Jaihind Webdesk
Saturday, July 20, 2019

പശുവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ബീഹാറിലെ ശരണിൽ മൂന്നുപേരെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ ഏഴു പേരെ ബനിയാപൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

ഇന്നലെ പുലർച്ചെയാണ് ബനിയാപൂരിലെ ചില ഗ്രാമീണർ പിക്ക് അപ്പ് വാനിൽ പശുവുമായി സഞ്ചരിച്ച മൂന്നു പേരെ പിടികൂടിയത്. തുടർന്ന് കാലികളെ മോഷ്ടിക്കാൻ ശ്രമിച്ചെന്നാരോപിച്ച് പുലർച്ചെ 4.30ഓടെ പ്രദേശവാസികൾ ഇവരെ ക്രൂരമർദ്ദനത്തിനിരയാക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ മൂന്നു പേരെയും പോലിസ് എത്തി അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായി ല്ല. മരിച്ചവരുടെ ബന്ധുക്കളുടെ പരാതിയിലാണ് ഗ്രാമവാസികളായ അക്രമികൾക്കെതിരേ പോലിസ് കേസ് രജിസ്റ്റർ ചെയ്തത്.

അതേസമയം, ആൾക്കൂട്ടക്കൊലകളെ പാർലമെന്റിൽ ചോദ്യം ചെയ്ത് അഖിലേന്ത്യാ മജ്ലിസ് ഇത്തിഹാദുൽ മുസ്ലിമീൻ (എഐഐഎംഎം) നേതാവ് അസദുദ്ദീൻ ഉവൈസി. ആൾക്കൂട്ടക്കൊല തടയുന്നതിന് നിയമം കൊണ്ടുവരണമെന്ന് സുപ്രിംകോടതി ഉത്തരവുണ്ടായിട്ടും സർക്കാർ ഇക്കാര്യത്തിൽ നടപടിയെടുക്കാൻ തയ്യാറായിട്ടില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.