സാദാചാരക്കൊല : യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഏഴ് പേർ അറസ്റ്റിൽ

Jaihind Webdesk
Monday, March 11, 2019

പാലച്ചുവടിൽ റോഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഏഴ് പേർ അറസ്റ്റിൽ. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ ആദ്യമായാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്.
നേരത്തെ പിടിയിലായ നാല് പേരുടെയും ഇന്നലെ പിടികൂടിയ മൂന്ന് പേരുടെയും അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.

യുവാവിൻറെ മരണം സാദാചാരക്കൊലയാണെന്നാണ് പൊലീസിൻറെ കണ്ടെത്തൽ. അനാശാസ്യം ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം മർദ്ദിക്കുകയായിരുന്നുവെന്നും ഈ മർദ്ദനത്തിനിടെ യുവാവ് കൊല്ലപ്പടുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. വെണ്ണല ചക്കരപ്പറമ്പ് സ്വദേശി ജിബിൻ ടി വർഗ്ഗീസിനെയാണ് ശനിയാഴ്ച്ച പുലർച്ചെ നാലരയോടെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ പ്രദേശവാസികളായ 13 പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ പങ്കുള്ള മറ്റുള്ളവരെ തിരിച്ചറിഞ്ഞ ശേഷം അവരേയും അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. തൃക്കാക്കര അസി. കമ്മീഷണറുടെ നേതൃത്വത്തിൽ 10 സംഘമായാണ് കേസ് അന്വേഷിക്കുന്നത്.