61-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്   തിരി തെളിഞ്ഞു; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Jaihind Webdesk
Tuesday, January 3, 2023

 

കോഴിക്കോട്: 61-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്   കോഴിക്കോട്ട് തുടക്കമായി. കോഴിക്കോട് വിക്രം മൈതാനിയിലെ അതിരാണിപ്പാടം എന്ന് പേരിട്ട മുഖ്യ വേദിയിൽ  ദീപം കൊളുത്തി മുഖ്യമന്ത്രി പിണറായി വിജയൻ കലാമേള ഉദ്ഘാടനം ചെയ്തു. മാറുന്ന കാലത്തേക്ക് പിടിച്ച കണ്ണാടിയാവുകയാണ് കലോത്സവമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിജയിക്കലല്ല പങ്കെടുക്കുന്നതിലാണ് കാര്യംമെന്നും പങ്കെടുക്കുന്നത് തന്നെ വലിയ അംഗീകാരമായി കണക്കാക്കുന്ന സംസ്കാരം കുട്ടികളും രക്ഷിതാക്കളും വളർത്തിയെടുക്കണമെന്നും മുഖ്യമന്ത്രി യുവജനോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്കൂൾ കലാമേള വീണ്ടും നടക്കുന്നത്. അഞ്ച് ദിവസം കൊണ്ട് കോഴിക്കോട്ടെ 24 വേദികളിലായി 239 ഇനങ്ങളിൽ കൗമാര പ്രതിഭകൾ മാറ്റുരയ്ക്കും. പാരമ്പര്യവും സാംസ്കാരിക തനിമ വിളിച്ചോതുന്ന ചടങ്ങുകളോടെയാണ് കലോത്സവത്തിന്‍റെ ഉദ്ഘാടന ചടങ്ങ് നടന്നത്. രക്ഷിതാക്കൾ അനാവശ്യ മത്സര പ്രവണത കാണിക്കുന്നു എന്ന വിമർശനം ഉണ്ട്. എല്ലാ കുട്ടികളുടെയും വിജയത്തിൽ സന്തോഷിക്കാൻ രക്ഷിതാക്കൾക്ക് കഴിയണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. അന്യം നിന്നു പോകുന്ന കലാരൂപങ്ങളുടെ വീണ്ടെടുപ്പിന് കലോത്സവങ്ങൾ സഹായിക്കുന്നു. കൊവിഡ് മുൻകരുതലുകൾ തുടരണം. അതിതീവ്ര വ്യാപനശേഷിയാണ് ഇപ്പോഴത്തെ കൊവിഡിന് മുമ്പ് സ്വീകരിച്ച ശീലങ്ങൾ ഇനിയും ആവർത്തിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

കാലാനുസൃതമായി കലോത്സവ മാന്വൽ പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഗോത്രകലകളെ കലോത്സവത്തിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.