ക്ഷേമനിധി പെന്‍ഷന്‍ മുടങ്ങിയിട്ട് 6 മാസം: തൊഴിലാളികള്‍ ദുരിതത്തില്‍; മുഖ്യമന്ത്രി അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ഡോ. ശൂരനാട് രാജശേഖരന്‍

 

മാസങ്ങളായി ക്ഷേമനിധി പെന്‍ഷന്‍ മുടങ്ങിയതിനാല്‍ ദുരിതത്തിലായ തൊഴിലാളികളുടെ പട്ടിണി മാറ്റാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ഡോ. ശൂരനാട് രാജശേഖരന്‍. സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെന്‍ഷന് പുറമെ ക്ഷേമനിധി ബോർഡ് പെന്‍ഷനും ആറ് മാസമായി മുടങ്ങിക്കിടക്കുകയാണ്.

കശുവണ്ടി, തയ്യല്‍, കൈത്തറി, ഖാദി, ലോട്ടറി തുടങ്ങി 16 മേഖലകളിലെ ക്ഷേമനിധി പെന്‍ഷനുകളാണ് കഴിഞ്ഞ ആറ് മാസമായി മുടങ്ങിക്കിടക്കുന്നത്. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ഈ തൊഴിലാളികളെല്ലാം പട്ടിണിയിലാണ്. മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ തുക അനുവദിച്ചാല്‍ തൊഴിലാളികള്‍ക്ക് അത് വലിയ സഹായമാകും. അതിനാല്‍ സാഹചര്യം പരിഗണിച്ച് പെന്‍ഷന്‍ തുക അടിയന്തരമായി അനുവദിക്കാന്‍ തയാറാകണമെന്നും ഡോ. ശൂരനാട് രാജശേഖരന്‍ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.

 

ഡോ. ശൂരനാട് രാജശേഖരന്‍റെ ഫേസ്ബുക്ക്  പോസ്റ്റിന്‍റെ പൂർണരൂപം:

“സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷനു പുറമേ ക്ഷേമനിധി ബോർഡ് പെൻഷനും കുടിശികയായിട്ട് 6 മാസമായി. സെപ്റ്റംബർ 2019 ലാണ് അവസാനമായി ക്ഷേമനിധി ബോർഡ് പെൻഷനും നൽകിയത്. കശുവണ്ടി തൊഴിലാളി, ചുമട്ട് തൊഴിലാളി, കൈത്തറി തൊഴിലാളി, തയ്യൽ തൊഴിലാളി, ബീഡി & സിഗാർ തൊഴിലാളി , ഈറ്റ കാട്ടുവള്ളി തഴ തൊഴിലാളി, ചെറുകിട തോട്ടം തൊഴിലാളി, ആഭരണ തൊഴിലാളി, ട്രേഡേഴ്സ് വെൽഫെയർ , ഖാദി തൊഴിലാളി, കയർ തൊഴിലാളി, ലോട്ടറി തൊഴിലാളി, ക്ഷീരകർഷക പെൻഷൻ, മത്സ്യതൊഴിലാളി, കർഷക പെൻഷൻ, കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് തുടങ്ങി 16 ക്ഷേമനിധി ബോർഡ് പെൻഷനുകളാണ് 6 മാസമായി മുടങ്ങി കിടക്കുന്നത്. കോവിഡിനെ തുടർന്ന് ഈ ക്ഷേമനിധി പെൻഷൻ വാങ്ങുന്നവർ പട്ടിണിയിലാണ്. 6 മാസത്തെ മുടങ്ങി കിടക്കുന്ന ക്ഷേമനിധി ബോർഡ് പെൻഷൻ ഒരുമിച്ച് നൽകിയാൽ 7200 രൂപ അവർക്ക് കിട്ടും .ഈ സമയത്ത് വലിയ ഒരു സഹായമായിരിക്കും അത്. അതുകൊണ്ട് ഈ മുടങ്ങി കിടക്കുന്ന 6 മാസത്തെ ക്ഷേമനിധി ബോർഡ് പെൻഷൻ മുഴുവൻ അടിയന്തരമായി നൽകണമെന്ന് മുഖ്യമന്ത്രി യോട് അഭ്യർത്ഥിക്കുന്നു”

 

Comments (0)
Add Comment