മോദിയുടെ നോട്ടുനിരോധനത്തിന് പിന്നാലെ തൊഴില്‍ നഷ്ടമായത് 50 ലക്ഷം പേര്‍ക്കെന്ന് പഠന റിപ്പോര്‍ട്ട്

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് നോട്ടുനിരോധനം നടപ്പിലാക്കിയതിന് പിന്നാലെ രാജ്യത്ത് അമ്പത് ലക്ഷം പേർക്ക് തൊഴിൽ നഷ്‌ടമുണ്ടായതായി റിപ്പോർട്ട്. നോട്ടുനിരോധത്തിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയിൽ തൊഴിൽ നഷ്‌ടമുണ്ടായതെന്നും ഇവ രണ്ടും തമ്മിൽ ബന്ധമുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ബംഗളുരുവിലെ അസിം പ്രേംജി യൂണിവേഴ്‌സിറ്റിയിലെ സെന്‍റർ ഫോർ സസ്‌റ്റൈനബിൾ എംപ്ലോയ്‌മെന്‍റ് പുറത്തിറക്കിയ സ്‌റ്റേറ്റ് ഓഫ് വർക്കിംഗ് ഇന്ത്യ 2019 റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മൻമോഹൻ സിംഗ് പ്രധാനമന്ത്രി ആയിരുന്ന കാലയളവിൽ തൊഴിലില്ലായ്‌മ നിരക്ക് 2.2 ശതമാനമായിരുന്നു. എന്നാൽ നരേന്ദ്രമോദിയുടെ കീഴിൽ അത് 2017-2018ൽ 6.1 ശതമാനമായി ഉയർന്നു. ഗ്രാമ പ്രദേശത്തെക്കാളും നഗര പ്രദേശങ്ങളിലാണ് തൊഴിലില്ലായ്‌മ കൂടുതലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെആഘാതം ഏറ്റവും അധികം ബാധിച്ചത് യുവാക്കളെയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

മോദി ഭരണത്തിന് കീഴിൽ തൊഴില്ലായ്മ വർധിച്ചതായി നേരത്തെയും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 2017-18 കാലഘട്ടത്തിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 45 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിലയിലെത്തിയതായി നാഷണൽ സാമ്പിൾ സർവേ ഓഫീസ് റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനത്തിലെത്തിയതായും ഇത് 1972–73 കാലഘട്ടത്തിനു ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണെന്നും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയങ്ങളിൽ ഒന്നാണ് തൊഴിലില്ലായ്‌മ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിരവധി തവണ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ മോദി സർക്കാരിന്‍റെ കീഴിൽ തൊഴിലില്ലായ്മ രൂക്ഷമായതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നത് ബി.ജെ.പിക്ക് തിരിച്ചടിയാണ്.

narendra modiDemonetisation
Comments (0)
Add Comment