തൊടുപുഴ: തൊടുപുഴയ്ക്കു സമീപം കുടയത്തൂരിൽ ഉരുൾ പൊട്ടലിൽ വീടു മണ്ണിനടിയിലായി അഞ്ചുപേർ മരിച്ചു. കുടയത്തൂർ സംഗമം ജംഗ്ഷനിൽ പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. ഉരുൾപൊട്ടലിൽ വീട് പൂർണമായും മണ്ണിനടിയിലായി.
ചിറ്റടിച്ചാലിൽ സോമൻ, ഭാര്യ ഷിജി, സോമന്റെ അമ്മ തങ്കമ്മ, മകൾ ഷിമ, ഷിമയുടെ മകൻ ദേവാനന്ദ് (4) എന്നിവരുടെ മൃതദേഹങ്ങളാണ് മണ്ണിനടിയിൽ നിന്ന് കണ്ടെത്തിയത്. അഞ്ച് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഉരുൾപൊട്ടിയ പ്രദേശത്ത് രാത്രി പതിനൊന്നുമണി മുതൽ മൂന്നുമണിവരെ അതിതീവ്ര മഴ പെയ്തു. ഇടുക്കി എംപി ഡീൻ കുര്യാക്കോസ് സ്ഥലം സന്ദർശിക്കുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു. മഴ തുടരുന്ന സാഹചര്യത്തിൽ പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സമീപവാസികളെ കുടയത്തൂർ സ്കൂളിലേക്ക് മാറ്റിപാർപ്പിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.