പുതിയ കാറിന് പിന്നാലെ പുതിയ കാലിത്തൊഴുത്തും, ചുറ്റുമതില്‍ നവീകരണവും; 43 ലക്ഷം അനുവദിച്ച് ഉത്തരവ്

Jaihind Webdesk
Sunday, June 26, 2022

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോഴും ധൂർത്ത് അവസാനിപ്പിക്കാതെ സർക്കാർ. അര കോടിയോളം രൂപയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയ ക്ലിഫ് ഹൗസിലെ ചുറ്റുമതിൽ നവീകരണത്തിനും പുതിയ കാലിത്തൊഴുത്ത് നിർമ്മാണത്തിനുമായി അനുവദിച്ചത്. തുക അനുവദിച്ചുകൊണ്ട്  പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അലയടിക്കുമ്പോഴും സർക്കാരിന്‍റെ ധൂർത്തിന് യാതൊരു കുറവുവില്ല. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പുതിയ പശുത്തൊഴുത്ത് നിർമ്മിക്കാൻ ലക്ഷങ്ങൾ ചിലവഴിക്കുകയാണ് സർക്കാർ. 42.90 ലക്ഷം രൂപയാണ് പശുത്തൊഴുത്ത് നിർമാണത്തിനും ചുറ്റുമതിൽ പുനരുദ്ധാരണത്തിനും വേണ്ടി അനുവദിച്ചിരിക്കുന്നത്. മുഖ്യന്ത്രിയുടെ സുഖയാത്രയ്ക്ക് 33 ലക്ഷം രൂപയുടെ കിയ കാർണിവൽ ലിമോസിന്‍ വാങ്ങാൻ ആഭ്യന്തരവകുപ്പ് ഉത്തരവിട്ടതിനു പിന്നാലെയാണ് ഇപ്പോൾ പശുത്തൊഴുത്തിനും ചുറ്റുമതിലിനുമായി ലക്ഷങ്ങൾ ചെലവിടാൻ തീരുമാനമായിരിക്കുന്നത്.

പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയർ മെയ് 7 ന് നിർമാണ പ്രവർത്തനങ്ങളുടെ വിശദമായ എസ്റ്റിമേറ്റ് നൽകിയിരുന്നു. ഇത് പരിശോധിച്ചതിനു ശേഷമാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അനുമതി നൽകിയത്. മന്ത്രിയുടെ അനുമതി ലഭിച്ചതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് ഈ മാസം 22 നാണ് ഉത്തരവിറക്കിയത്. തുടർ ഭരണം ലഭിച്ചതിനുശേഷം ക്ലിഫ് ഹൗസിൽ നിരവധി നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. സ്റ്റാഫുകൾക്ക് താമസത്തിനായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത് 98 ലക്ഷം രൂപയ്ക്കായിരുന്നു. പതിവുപോലെ ഊരാളുങ്കല് തന്നെയിരുന്നു കരാര്‍. പുതിയ പശുത്തൊഴുത്ത് നിർമ്മാണവും ഊരാളുങ്കലിനായിരിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.

ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിന്‍റെ പുനരുദ്ധാരണത്തിന് 2016 മുതൽ കോടികളാണ് ചെലവഴിച്ചത്. നിയമസഭയിൽ നീന്തൽകുളത്തിന് വേണ്ടി ചെലവഴിച്ചത് എത്ര കോടിയാണെന്ന് പ്രതിപക്ഷം ആവർത്തിച്ച് ചോദിച്ചിട്ടും മന്ത്രി മുഹമ്മദ് റിയാസ് മറുപടി നൽകിയിരുന്നില്ല. സുരക്ഷയുടെ പേരിൽ ക്ലിഫ് ഹൗസിലെ മതിൽ ഉയർത്തി കെട്ടാനും കോടികൾ അനുവദിച്ചിരുന്നു. മുഖ്യമന്ത്രിക്ക് വേണ്ടി മാത്രം സർക്കാർ ഖജനാവിൽ നിന്ന് പ്രതിമാസം ചെലവഴിക്കുന്നത് കോടികളാണ്. ഒരു വശത്ത് കെഎസ്ആർടിസി ജീവനക്കാർ ശമ്പളമില്ലാതെ ദുരിതത്തിലാഴുമ്പോൾ മുഖ്യമന്ത്രിക്ക് വേണ്ടി മാത്രം സർക്കാർ ഖജനാവിൽ നിന്നും ഇത്രയും പണം ചിലവഴിക്കണോ എന്ന ചോദ്യമാണിപ്പോൾ ഉയരുന്നത്.