വാഗമണിലെ നിശാപാർട്ടി : 9 പേർ അറസ്റ്റില്‍; 25 സ്ത്രീകള്‍ ഉള്‍പ്പെടെ 60 പേരെ കസ്റ്റിഡിയിലെടുത്തിരുന്നു

Jaihind News Bureau
Monday, December 21, 2020

വാഗമണിൽ സി.പി ഐ നേതാവിന്‍റെ റിസോർട്ടിലെ നിശാപാർട്ടിക്ക് പിന്നിൽ ഒൻപത് പേരെന്ന് പൊലീസ്. റിസോർട്ട് ഉടമ ഷാജി കുറ്റിക്കാടിനെ ചോദ്യം ചെയ്യുന്നു. ലഹരി മരുന്ന് മാഫിയക്ക് സി.പി എം-സി.പി.ഐ ഒത്താശയെന്ന് കോൺഗ്രസ് ആരോപിച്ചു. ലഹരി മരുന്നിന്‍റെ അളവ് കുറച്ച് കാണിക്കാൻ ശ്രമം നടക്കുന്നതായി ഡി.സി.സി പ്രസിഡന്‍റ് ഇബ്രാഹിം കുട്ടി കല്ലാർ ആരോപിച്ചു.

വാഗമൺ വട്ടപ താലിലെ സി പി ഐ നേതാവിന്‍റെ ക്ലിഫിൻ റിസോർട്ടിലാണ് നിശാപാർട്ടി നടന്നത്. പാർട്ടി നടത്തിയ 60 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 25 സ്ത്രീകൾ ഉൾപടെയാണ് കസ്റ്റഡിയിലുള്ളത്. 28 ഓളം ലഹരി വസ്തുക്കൾ ഉപയോഗിച്ചായിരുന്നു നിശാപാർട്ടി.

സംഭവത്തിൽ റിസോർട്ട് ഉടമയെ ചോദ്യം ചെയ്യുന്നു. സിപിഐ പ്രാദേശിക നേതാവും മുൻ ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്‍റ്‌ കൂടിയായ ഷാജി കുറ്റിക്കാടിനെയാണ് ചോദ്യം ചെയുന്നത്. പാർട്ടി നടത്തിയത് സ്വകാര്യ വ്യക്തികളാണെന്ന് പൊലീസ് വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥൻ എഎസ്പി സുരേഷ് കുമാറിന്‍റെ നേതൃത്വത്തിൽ റിസോർട്ടിൽ വീണ്ടും പരിശോധന നടത്തുന്നുണ്ട്.

അതിനിടെ റിസോർട്ടിലേക്ക് പ്രതിഷേധവുമായി എത്തിയ കോൺഗ്രസ് ഡിസിസി പ്രസിഡന്‍റ്‌ ഇബ്രാഹിംകുട്ടി കല്ലാറിനെയും സംഘത്തെയും റിസോർട്ടിന് മുന്നിൽ പൊലീസ് തടഞ്ഞു. കേസ് ഒതുക്കാൻ ശ്രമം നടക്കുന്നതായും പിടികൂടിയ ലഹരിമരുന്നിന്‍റെ അളവ് കുറച്ച് കാണിക്കാൻ ശ്രമിക്കുന്നതായും കോൺഗ്രസ് ആരോപിച്ചു. റിസോർട്ട് കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് പാർട്ടികൾക്ക് സിപിഎം-സിപിഐ നേതാക്കളുടെ ഒത്താശയുണ്ടെന്നും ആരോപണം ഉണ്ട്. റിസോർട്ട് ഉടമ ഷാജി കുറ്റിക്കാടൻ നക്ഷത്ര ആമ കടത്ത് ഉൾപ്പടെ കേസിലെ പ്രതിയാണെന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നും ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാർ ആവശ്യപ്പെട്ടു.