രാജ്യത്തെ വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍; ടാറ്റ മോട്ടോഴ്സില്‍ വന്‍ പ്രതിസന്ധി, ഉരുക്ക് വ്യവസായ മേഖലയും പ്രതിസന്ധിയില്‍

Jaihind Webdesk
Monday, August 5, 2019

ഇന്ത്യന്‍ വ്യവസായരംഗം കടുത്ത ഭീഷണി നേരിടുകയാണ്. മോദി സർക്കാരിന്‍റെ തെറ്റായ സാമ്പത്തികനയങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകർക്കുന്നതിനൊപ്പം ഭൂരിഭാഗം വ്യവസായങ്ങളുടെയും നടുവൊടിക്കുകയാണ്.  ഇതിന്‍റെ പരിണിതഫലം എന്നപോലെ നിരവധി വ്യവസായസ്ഥാപനങ്ങളാണ് രാജ്യത്ത് ദിവസേന അടച്ചുപൂട്ടുന്നത്.

വിപണിയിലെ മാന്ദ്യം കാരണം ജംഷഡ്പൂരിലും പരിസരങ്ങളിലുമുള്ള നിരവധി വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ് . പ്രത്യേകിച്ച് ആദിത്യപൂർ വ്യാവസായ മേഖലയിലെ  ഓട്ടോമൊബൈല്‍ അനുബന്ധ സ്ഥാപനങ്ങൾ. ഇതിനുപുറമെ മുപ്പതോളം ഉരുക്ക് വ്യവസായ കമ്പനികളും അടച്ചുപൂട്ടലിന്‍റെ വക്കിലാണ്. പന്ത്രണ്ടോളം ഉരുക്ക് വ്യവസായ സ്ഥാപനങ്ങളാണ് ഇതിനോടകംതന്നെ അടച്ചുപൂട്ടിയത്.

ഓട്ടോമൊബൈൽ മേഖലയിലെ മാന്ദ്യത്തെ തുടർന്ന് ടാറ്റ മോട്ടോഴ്‌സ് ഇത് നാലാം തവണയാണ് യൂണിറ്റ് അടച്ചിടുന്നത്. വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെയാണ് ഇത്തവണ യൂണിറ്റ് അടച്ചിട്ടത്. സ്ഥിരം ജീവനക്കാരോട് ഓഗസ്റ്റ് 5ന് ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ നിർദേശിച്ച കമ്പനി താല്‍ക്കാലിക ജീവനക്കാർക്ക് ഓഗസ്റ്റ് 12 വരെ നിർബന്ധിത അവധിയും നല്‍കി. മാസത്തില്‍ 15 ദിവസം മാത്രമാണ് കഴിഞ്ഞ രണ്ട് മാസങ്ങളായി ഇവിടെ ഉത്പാദനം നടക്കുന്നത്.

അതേസമയം വൈദ്യുതി നിരക്കിലെ അമിത വർധനവാണ് ഉരുക്ക് വ്യവസായത്തിനും തിരിച്ചടിയാകുന്നു.  കൂട്ടിയ നിരക്ക് താങ്ങാനാവാതെ മുപ്പതോളം കമ്പനികളാണ് അടച്ചുപൂട്ടലിന് നിര്‍ബന്ധിതരാകുന്നത്. പന്ത്രണ്ടോളം സ്ഥാപനങ്ങള്‍ ഇതിനോടകം പൂര്‍ണമായും അടച്ചുപൂട്ടിക്കഴിഞ്ഞു. ജാർഖണ്ഡ് സർക്കാർ വൈദ്യുതി നിരക്ക് ഭീമമായി വര്‍ധിപ്പിച്ചതാണ് ഇവിടുത്തെ ഉരുക്ക് വ്യവസായമേഖലയ്ക്ക് കനത്ത തിരിച്ചടിയായത്.

‘ഏപ്രില്‍ മുതല്‍ സംസ്ഥാന വൈദ്യുതി നിരക്ക് 38 ശതമാനം വർധിപ്പിച്ചതിനെത്തുടർന്ന് 25-30 ഉരുക്ക്  കമ്പനികൾ അടച്ചുപൂട്ടേണ്ടിവന്നു. ഉൽപാദനച്ചെലവ് വർധിച്ചതോടെ അടച്ചുപൂട്ടുകയല്ലാതെ അവർക്ക് മുന്നില്‍ മറ്റ് മാർഗങ്ങളില്ലാതായി’ – ആദിത്യപൂർ ചെറുകിട വ്യവസായ അസോസിയേഷൻ (ASIA) പ്രസിഡന്‍റ് ഇന്ദർ അഗർവാൾ പറഞ്ഞു.

ജംഷദ്‌പൂർ, ആദിത്യപൂർ ആസ്ഥാനമായുള്ള വ്യവസായങ്ങൾക്കും കോൾ‌ഹാനിലെ മിക്ക കമ്പനികൾ‌ക്കും വൈദ്യുതി വിതരണം ചെയ്യുന്നത് ജാർഖണ്ഡ് ബിജില്‍ വിതരണ്‍ നിഗം ലിമിറ്റഡ് (ജെ‌.ബി‌.വി‌.എൻ‌.എൽ) ആണ്.  യൂണിറ്റിന് 5.50 രൂപ എന്ന ഏറ്റവും ഉയർന്ന താരിഫ് നിരക്കാണ് ജെ‌.ബി‌.വി‌.എൻ‌.എൽ ഈടാക്കുന്നത്. ഈ ഭീമമായ നിരക്ക് താങ്ങാവുന്നതിനും അപ്പുറമാണ്. താരിഫ് വർധന പിൻവലിക്കാന്‍ സർക്കാർ ഉടൻ തയാറായില്ലെങ്കില്‍ വ്യാവസായിക ദുരന്തമാകും ഫലമെന്നും അഗർവാൾ പറയുന്നു.

സാമ്പത്തികമാന്ദ്യവും വൈദ്യുതിനിരക്കിലെ ഭീമമായ വർധനവും കാരണം ജംഷഡ്പൂർ, ആദിത്യപൂർ, ധൽഭുംഗഡ് എന്നിവിടങ്ങളിലെ ആയിരത്തോളം കമ്പനികളാണ് തകര്‍ച്ചയെ നേരിടുന്നത്. ഇവിടങ്ങളിലെ 30,000 – ലേറെ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമായതായും ലഗു ഉദ്യോഗ് ഭാരതി (എൽ‌.യു.ബി) പ്രസിഡന്‍റ് രൂപേഷ് കത്യാർ പറഞ്ഞു. സർക്കാർ വൈദ്യുതിയുടെ നിശ്ചിത ചാർജ് ഒഴിവാക്കുകയോ താരിഫ് വർധനവ് പിന്‍വലിക്കുകയോ അടിയന്തരമായി ചെയ്തില്ലെങ്കില്‍ വ്യാവസായിക മേഖല നിശ്ചലമാകുമെന്നും കത്യാര്‍ പറയുന്നു.

വലിയ വ്യാവസായിക പ്രതിസന്ധിയാണ് രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. രാജ്യമൊട്ടാകെ നിരവധി വ്യവസായ സംരംഭങ്ങളാണ് തകർച്ചയെ അഭിമുഖീകരിക്കുന്നത്. സാമ്പത്തികമേഖലയുടെ അടിത്തറ ദുർബലപ്പെട്ടു. ഈ പ്രതിസന്ധി ഘട്ടത്തിലും പ്രവര്‍ത്തിക്കാന്‍ തയാറാകാത്ത മോദി സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.