കോഴിക്കോട് ജ്വല്ലറിയില്‍ തോക്ക് ചൂണ്ടി കവർച്ച; ഒരാളെ ജീവനക്കാര്‍ പിടികൂടി

Jaihind Webdesk
Sunday, July 14, 2019

കോഴിക്കോട് ഓമശേരിയിൽ തോക്ക് ചൂണ്ടി ജ്വല്ലറിയിൽ കവർച്ച. 14 സ്വർണവളകൾ കവർച്ചാസംഘം കവർന്നു. ഒരാൾ ജീവനക്കാരുടെ പിടിയിലായപ്പോൾ രണ്ട് പേർ രക്ഷപെട്ടു.

‌‌ഇന്നലെ രാത്രി 7.15 ഓടെയാണ് നാടിനെ നടുക്കിയ കവർച്ച നടന്നത്. ഓമശേരി ടൗണിലെ തിരക്കൊഴിഞ്ഞ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ജ്വല്ലറിയിലായിരുന്നു തോക്ക് ചൂണ്ടിയുള്ള കവർച്ച. കട അടയ്ക്കാൻ ഷട്ടറുകൾ താഴ്ത്തിയ സമയത്ത് ജ്വല്ലറിയുടെ പിറക് വശത്തെ റോഡിലൂടെയായിരുന്നു മൂന്നംഗ മുഖംമൂടി സംഘം എത്തിയത്. ഇവരിൽ ഒരാളുടെ കയ്യിൽ തോക്കും, 2 പേരുടെ കയ്യിൽ കത്തിയുമുണ്ടായിരുന്നു. സ്വർണം കൈക്കലാക്കി രക്ഷപ്പെടുന്നതിനിടെ സംഘത്തിലെ ഒരാളെ തോക്ക് സഹിതം ജീവനക്കാർ പിടികൂടുകയായിരുന്നു. ആഭരണങ്ങളുമായി രണ്ട് പേർ ഓടി രക്ഷപെട്ടു. ശാദി ഗോൾഡ് എന്ന സ്ഥാപനത്തിലാണ് കവർച്ച നടന്നത്.

രക്ഷപെട്ടവർ പന്ത്രണ്ടര പവൻ വരുന്ന 14 വളകൾ കവർന്നതായി ജ്വല്ലറി ഉടമ പറഞ്ഞു. പിടിയിലായ ആൾ അബോധാവസ്ഥയിലായതിനാൽ പൊലീസ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കൈയ്യിൽ നിന്നും തോക്ക് കൂടാതെ ഒരു കത്തിയും പിടിച്ചെടുത്തിട്ടുണ്ട്. അക്രമിയെ ബലപ്രയോഗത്തിലൂടെ
കീഴ്പ്പെടുത്തുന്നതിനിടെ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. രക്ഷപെട്ടവർക്കായി നാട്ടുകാരും പൊലീസും രാത്രി വൈകിയും പ്രദേശത്ത്തെരച്ചിൽ നടത്തി. ഇതര സംസ്ഥാനത്തു നിന്നുള്ളവരാണ് അക്രമികളെന്നാണ് സൂചന.