24 മണിക്കൂറിനിടെ 3.43 ലക്ഷം കൊവിഡ് കേസുകള്‍ ; 13 സംസ്ഥാനങ്ങളിൽ രോഗികൾ കുറഞ്ഞു, നേരിയ ആശ്വാസം

Jaihind Webdesk
Friday, May 14, 2021

ന്യൂഡൽഹി :  രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,43,144 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. തൊട്ടു മുമ്പത്തെ ദിവസത്തെക്കാള്‍ 20,000 രോഗികളുടെ കുറവാണ് രേഖപ്പെടുത്തിയത്. മേയ് 13ന് 3.62 ലക്ഷമായിരുന്നു രാജ്യത്തെ കൊവിഡ് രോഗികള്‍.

പ്രതിദിന കോവിഡ് രോഗബാധയിൽ 6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.35ൽ നിന്ന് 18.3 ആയി കുറഞ്ഞു. 4000 പേർ കൊവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

പ്രതിദിന മരണങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തേക്കാൾ (4,120) 120  കുറവാണ് രേഖപ്പെടുത്തിയത്. രാജ്യത്തുടനീളം 2,40,46,809 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 2,00,79,599 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 3,44,776 പേർ രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 37,04,893 രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്. 2,62,317 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് കാരണം ജീവന്‍ നഷ്ടമായത്. 13 സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി.

പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്രയാണ് മുന്നിൽ. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 42,582 പേർക്ക് രോഗം സ്ഥിരീകരിച്ചു. കേരളം, കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവയാണ് രോഗവ്യാപനം രൂക്ഷമായ മറ്റു സംസ്ഥാനങ്ങൾ. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പുതിയ കേസുകളിൽ 49.79 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിലാണ്.

രാജ്യത്തുടനീളം 17,92,98,584 പേർക്ക് ഇതുവരെ കോവിഡ് പ്രതിരോധ വാക്സിനേഷൻ നൽകി. 31,13,24,100 പേരുടെ സാമ്പിൾ പരിശോധിച്ചു. വ്യാഴാഴ്ച മാത്രം 18,75,515 സാമ്പിളുകൾ പരിശോധിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.