ചത്തീസ്ഗഢിലെ ബീജാപൂരിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 7 നക്‌സലുകൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടും. ഇവരിൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തു.
ചത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിൽ നിന്ന് 450 കിലോമീറ്റർ അകലെയുള്ള ബിജാപൂരിലെ തിമിനാർ – പസ്‌നർ ഗ്രാമത്തിന് സമീപത്തെ കൊടുംവനത്തിൽ നക്‌സലുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് സുരക്ഷാസേന പരിശോധന നടത്തിയത്. നക്‌സലുകളോട് കീഴടങ്ങാൻ സേന ആവശ്യപ്പെട്ടെങ്കിലും അവർ വെടിയുതിർക്കുകയായിരുന്നു. ഇതോടെ സുരക്ഷാസേന പ്രത്യാക്രമണം നടത്തി. തുടർന്ന് രൂക്ഷമായ ഏറ്റുമുട്ടലാണ് നടന്നത്. ഒരു മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇവരെ വധിച്ചത്.
https://www.youtube.com/watch?v=GUg5Ohdq-A8
ജില്ലാ റിസർവ് ഗാർഡും സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും സംയുക്തമായാണ് നക്‌സലുകളെ നേരിട്ടത്. ദന്തേവാഡ-ബീജാപൂർ അതിർത്തി പ്രദേശത്തുനിന്നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ട് ഇൻസാസ് റൈഫിളുകൾ, 303 റൈഫിളുകൾ എന്നിവയും നക്‌സലുകളിൽനിന്നു പിടിച്ചെടുത്തു. വനത്തിൽ കൂടുതല്‍ പരിശോധന തുടരുകയാണ്.