ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തിരശ്ശീല വീഴും

ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തിരശ്ശീല വീഴും. അവസാനദിനത്തിൽ അഞ്ച് മലയാളചിത്രങ്ങൾ അടക്കം 28 ചിത്രങ്ങൾ പ്രദർശിപ്പിക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

അവസാന ദിനത്തിൽ ലിജോ ജോസ് പെല്ലിശേരിയുടെ ‘ജല്ലിക്കെട്ട്’,സീസർ ഡിയാസിന്റെ ‘ഔർ മദേഴ്‌സ്’,റാഹത് കസ്മിയുടെ ‘ദി ക്വിൽറ്റ്’ എന്നീ ചിത്രങ്ങൾ മത്സരവിഭാഗത്തിൽ ഒരിക്കൽ കൂടി പ്രദർശിപ്പിക്കും. ഹൈനൂർ പൽമാസൺന്റെ ‘എ വൈറ്റ് വൈറ്റ് ഡേ’, പെമ സെഡന്റെ ‘ബലൂൺ’,ഫാറ്റി അകിൻന്റെ ‘ദി ഗോൾഡൻ ഗ്ലോവ്’ തുടങ്ങി 14 ചിത്രങ്ങൾ ലോകസിനിമാ വിഭാഗത്തിൽ എത്തുന്നുണ്ട്.

ഷരീഫിന്റെ ‘കാന്തൻ- ദി ലവർ ഓഫ് കളർ’, അനുരാജ് മനോഹറിന്റെ ‘ഇഷ്‌ക്’ ആഷിഖ് അബുവിന്റെ ‘വൈറസ്’ തുടങ്ങിയ മലയാളം ചിത്രങ്ങളുടെ പ്രദർശനവും ഇന്നുണ്ടാകും. വൈകിട്ട് ആറിന് സമാപന ചടങ്ങിനു ശേഷം നിശാഗന്ധി ഓഡിറ്റോറിയത്തിൽ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ വിജയിക്കുന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനവും ഉണ്ടാകും. ചലച്ചിത്ര മേളയുടെ സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അർജന്റീനിയൻ സംവിധായകനായ ഫെർണാണ്ടോ സൊളാനസിന് ആജീവനാന്ത സംഭാവനക്കുള്ള പുരസ്‌ക്കാരവും മുഖ്യമന്ത്രി വിതരണം ചെയ്യും.മന്ത്രി എ കെ ബാലൻ അധ്യക്ഷനാകുന്ന ചടങ്ങിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയും പ്രതിപക്ഷ നേതാവ് രമേശ്ചെന്നിത്തല വിശിഷ്ടാതിഥിയുമാകും.ധനമന്ത്രി ഡോ.തോമസ് ഐസക്ക്,മേയർ കെ.ശ്രീകുമാർ ,വി.ശിവൻകുട്ടി,അക്കാദമി ചെയർമാൻ കമൽ,വൈസ് ചെയർ പേഴ്സൺ ബീനാപോൾ,സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവർ പങ്കെടുക്കും.തുടർന്ന് ചലച്ചിത്രമേളയുടെ 2020 ലെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ വരവറിയിച്ച് ചലച്ചിത്രതാരം റീമാ കല്ലിങ്ങലിന്റെ നേതൃത്വത്തിൽ കണ്ടംപററി ഡാൻസ് അരങ്ങേറും. വൈകിട്ട് 5.30ന് നിശാഗന്ധിയിലാണ് സമാപനച്ചടങ്ങുകൾ നടക്കുക.സമാപന സമ്മേളനത്തിന് ശേഷം മത്സരവിഭാഗത്തിൽ സുവർണ്ണചകോരത്തിന് അർഹമാകുന്ന ചിത്രം പ്രദർശിപ്പിക്കും.

Comments (0)
Add Comment