വേള്‍ഡ് ട്രേഡ് സെന്‍റർ ആക്രമണം നടന്നിട്ട് ഇരുപത് വർഷങ്ങള്‍ ; താലിബാന്‍ സർക്കാരിന്‍റെ സത്യപ്രതിജ്ഞയും ഇന്ന്

Jaihind Webdesk
Saturday, September 11, 2021

ന്യൂയോര്‍ക്ക്:  സെപ്റ്റംബർ 11 അമേരിക്കന്‍ വേള്‍ഡ് ട്രേഡ് സെന്‍റർ ഭീകരാക്രമണം നടന്നിട്ട്  ഇരുപത് വര്‍ഷങ്ങള്‍ തികയുന്നു. ഇന്നേ ദിവസം തന്നെ അഫ്ഗാനിലെ താലിബാന്‍ ഇടക്കാല സർക്കാരിന്‍റെ സത്യപ്രതിജ്ഞയും. മൂവായിരത്തോളം അമേരിക്കാരുടെ മരണത്തിനടയാക്കിയ ഭീകരാക്രമണത്തിന്‍റെ വാർഷികത്തില്‍ തന്നെ താലിബാന്‍ സർക്കാർ അഫ്ഗാന്‍റെ അധികാരമേറ്റെടുക്കുന്നു എന്നത് യാദൃശ്ചികമാണെന്ന് കരുതാനാകില്ല. അഫ്ഗാന്‍ പിടിച്ചടക്കിയ ശേഷം ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ അല്‍ഖ്വയിദയുടെ തടവിലായുരുന്ന ഭീകരരെ താലിബാന്‍ നേരത്തെ മോചിപ്പിച്ചിരുന്നു .

അതേസമയം ഭീകരാക്രമണത്തിന്  രണ്ട് പതിറ്റാണ്ടു പൂർത്തിയാകുന്ന ഈ ദിവസം ലോകത്തിന്‍റെ പല ഭാഗത്തും അനുസ്മരണ പരിപാടികൾ നടക്കും. അമേരിക്കയിലുടനീളം വിവിധ ഭീകര വിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. വിമാനങ്ങൾ ഇടിച്ചിറങ്ങിയ വേൾഡ് ട്രേഡ് സെന്‍ററിലും പെന്‍റഗണിലും പെൻസിൽവാനിയയിലും കൊല്ലപ്പെട്ടവരുടെ ഉറ്റവർ ഒത്തുചേരും.

പ്രസിഡന്‍റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും മൂന്ന് ദുരന്ത സ്ഥലങ്ങളും സന്ദർശിക്കും. ഭീകരാക്രമണത്തിന്‍റെ ഇനിയും വെളിപ്പെടാത്ത ചില രഹസ്യ രേഖകൾ അമേരിക്ക പുറത്തുവിടുന്നു എന്നതും ഈ വാർഷിക ദിനത്തിന്‍റെ പ്രത്യേകതയാണ്.