‘രാജ്ഭവനിലെ 20 ജീവനക്കാരെ സ്ഥിരപ്പെടുത്തണം’; ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത്

Jaihind Webdesk
Monday, November 21, 2022

 

തിരുവനന്തപുരം: ഗവർണർ-സർക്കാർ പോരാട്ട നാടകം തുടരുന്നതിനിടെ രാജ്ഭവനിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് പുറത്ത്. കുടുംബശ്രീ വഴി നിയമിച്ച 20 ജീവനക്കാരെയും താല്‍ക്കാലിക ഫോട്ടോഗ്രാഫറെയും സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്താണ് പുറത്തുവന്നത്. 2020 ഡിസംബറില്‍ നല്‍കിയ കത്താണ് പുറത്തുവന്നത്.

രാജ്ഭവനിലെ താൽക്കാലിക ഫോട്ടോഗ്രാഫറായ ദിലീപ് കുമാറിനെ സ്ഥിരപ്പെടുത്തണമെന്നും ഗവർണർ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ദിലീപിനെ സ്ഥിരപ്പെടുത്താനായി സൈഫർ അസിസ്റ്റന്‍റ് എന്ന തസ്കിക ഫോട്ടോഗ്രാഫർ എന്ന് പുനർനാമകരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഈ ആവശ്യം സര്‍ക്കാർ അംഗീകരിച്ചിരുന്നു. ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിൽ, ഗവര്‍ണര്‍ പ്രത്യേക താൽപര്യപ്രകാരം മുഖ്യമന്ത്രിക്ക് അയച്ച കത്തിന്‍റെ അടിസ്ഥാനത്തിലാണ് നിയമനമെന്ന് വ്യക്തമാക്കുന്നുണ്ട്. ഫെബ്രുവരി 17 നാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.