ജമ്മു-കശ്മീരില്‍ ഏറ്റുമുട്ടല്‍; നാലു ഭീകരരെ വധിച്ചു, രണ്ട് സൈനികർക്ക് വീരമൃത്യു

Jaihind Webdesk
Sunday, July 7, 2024

 

ജമ്മു-കശ്മീര്‍:  ജമ്മു-കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചു. രണ്ടു സൈനികർക്ക് വീരമൃത്യു. പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി സംശയിക്കുന്ന നാലു ഭീകരർക്കാതി തിരച്ചില്‍ തുടരുകയാണ്.  ജില്ലയിൽ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രത്യേക വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന ഭീകരവിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചതിന് പിന്നാലെയായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്.

മോഡേർഗാം ഗ്രാമത്തില്‍ സിആർപിഎഫിന്‍റെയും സൈന്യത്തിന്‍റെയും പ്രാദേശിക പോലീസിന്‍റെയും സംയുക്ത ആക്രമണത്തിനിടെയാണ് ഒരു സൈനികന്‍ വീരമൃത്യു വരിച്ചത്. കുൽഗാമിലെ ഫ്രിസൽ പ്രദേശത്ത് നടന്ന മറ്റൊരു ഏറ്റുമുട്ടലിലാണ് നാലു ഭീകരരെ സൈന്യം വധിച്ചത്. ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിക്കുകയും മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. ഏറ്റുമുട്ടൽ സ്ഥലത്ത് രണ്ട് ഭീകരർ കൂടി ഉണ്ടെന്ന് സംശയിക്കുന്നു.

ജമ്മു-കശ്മീരിലെ വിവിധ ജില്ലകളിലായി നിരവധി ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഈ മേഖലയിൽ അടുത്തിടെ തീവ്രവാദ പ്രവർത്തനങ്ങള്‍ വർധിച്ചുവരുന്നതാണ് കാണാന്‍ കഴിയുന്നത്. കഴിഞ്ഞ മാസം, ദോഡ ജില്ലയിലെ ഗണ്ഡോ മേഖലയിൽ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചിരുന്നു.