തൃശൂരില്‍ വ്യാജമദ്യം കഴിച്ച് രണ്ട് മരണം : അന്വേഷണം ആരംഭിച്ചു

Jaihind Webdesk
Tuesday, November 30, 2021

തൃശ്ശൂര്‍: ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച് രണ്ട് പേർ മരിച്ചു. ഇരിങ്ങാലക്കുട ചന്തക്കുന്നിലെ ചിക്കന്‍ സെന്‍റര്‍ ഉടമ 43 വയസ്സുള്ള നിശാന്ത് , ഇരിങ്ങാലക്കുട ബിവറേജിനു സമീപം തട്ടുകട നടത്തുന്ന 42 വയസ്സുള്ള ബിജു എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം.

നിശാന്തും ബിജുവും ഒരുമിച്ച് ബസ് സ്റ്റാന്‍ഡിനു സമീപമുള്ള നിശാന്തിന്റെ കടയില്‍ വച്ചാണ് മദ്യം കഴിച്ചത്. ശേഷം ഇരിങ്ങാലക്കുട ഠാണാ ജംഗ്ഷനിലേക്ക് ബൈക്കില്‍ വരുന്ന വഴി മുന്‍സിഫ് കോടതിക്കു സമീപത്തുവച്ച് നിശാന്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ഇരുവരെയും ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും നിശാന്ത് മരിച്ചു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിജു രാവിലെയും മരിച്ചു.

ചാരായത്തിന്റെ മണമുള്ള വെള്ള നിറത്തിലുള്ള മദ്യമാണ് കഴിച്ചിരിക്കുന്നതെന്നും മറ്റു വിവരങ്ങള്‍ ലാബിലെ പരിശോധനക്കു ശേഷമേ വ്യക്തമാക്കാന്‍ സാധിക്കുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു.ഇവര്‍ക്ക് മദ്യം എവിടെ നിന്നുമാണ് ലഭിച്ചത് എന്നതിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. ഇവർ കഴിച്ചിരുന്ന മദ്യത്തിന്റെ ബാക്കിയും രണ്ടു ഗ്ലാസും പോലീസ് കണ്ടെടുത്തിട്ടുണ്ട്.