“ഹമാസിന്‍റെ ഭീഷണിക്ക് മറുപടിയായി ട്രംപ്: ഇസ്രയേൽ വീണ്ടും ആക്രമണത്തിന് തയ്യാറാകുമോ?”

Jaihind News Bureau
Tuesday, February 11, 2025

ജറുസലം: ഗാസയിൽ ബന്ദികളായ എല്ലാവരെയും മോചിപ്പിക്കാൻ കർശന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്ത്. ശനിയാഴ്ച രാത്രി 12 മണിയ്ക്കുള്ളിൽ എല്ലാ ബന്ദികളെയും വിട്ടയക്കണമെന്നത് ട്രംപിന്‍റെ ആവശ്യം. ഹമാസ് ഈ ആവശ്യം അംഗീകരിക്കാതെ തുടരുകയാണെങ്കിൽ, വെടിനിർത്തൽ കരാർ റദ്ദാകുകയും ആക്രമണം വീണ്ടും തുടരുമെന്നും ട്രംപ് വ്യക്തമാക്കി. ജനുവരി 19ന് പ്രാബല്യത്തിൽ വന്ന ആറ് ആഴ്ചത്തെ വെടിനിർത്തൽ കരാർ ഇപ്പൊഴത്തെ വിഷയത്തിന്‍റെ പശ്ചാത്തലമാണ്. ഹമാസ്, ബന്ദികളെ വിട്ടുനൽകാൻ തയാറല്ലെന്ന് അറിയിച്ചതോടെ  വീണ്ടും ട്രംപ് ഇടപെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹമാസിന്‍റെ നിലപാട് ട്രംപ് ‘ഭയാനകം’ എന്ന് വിശേഷിപ്പിച്ചു.

“എല്ലാ ബന്ദികളെയും ഉടൻ മോചിപ്പിക്കണം. അവരെ തിരികെ വേണം. ഞാനിതു നിർദ്ദേശിക്കുന്നു, പക്ഷേ ഇസ്രയേൽ അവരുടെ രീതി തിരഞ്ഞെടുത്താൽ അങ്ങനെയാവട്ടെ. എന്നാൽ ശനിയാഴ്ച രാത്രി 12 മണിയ്ക്ക് മുമ്പ് ബന്ദികൾ മോചിതരാവാത്തപക്ഷം, നരകം വീണ്ടും തുറക്കും,” ട്രംപ് പറഞ്ഞു. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഈ വിഷയത്തിൽ ആശയവിനിമയം നടത്തുമെന്നും ട്രംപ് വ്യക്തമാക്കി.

യുഎസ് സേനയുടെ ഇടപെടൽ സംബന്ധിച്ച ചോദ്യങ്ങൾക്ക് സ്പഷ്ടത നൽകാതിരുന്ന ട്രംപ്, “എന്ത് സംഭവിക്കുന്നുണ്ടെന്ന് കാണാം” എന്ന മറുപടി നല്‍കി. ഹമാസിന്‍റെ ഭീഷണികൾക്കും അവരെക്കുറിച്ചുള്ള മുന്നറിയിപ്പുകൾക്കും പിന്നിൽ എന്താണ് ഉദ്ദേശമെന്ന് വ്യക്തമാക്കാതിരുന്ന ട്രംപ്, “ഹമാസിന് ഇത് എന്താണെന്നു മനസ്സിലാക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു” എന്ന് കൂട്ടിച്ചേർത്തു.

ഗാസയുടെ ഭാവിയെക്കുറിച്ചും ട്രംപ് തന്‍റേതായ നിർണ്ണായക അഭിപ്രായങ്ങൾ പങ്കുവച്ചു. “ഗാസ ഇന്ന് ഒരു ഇടിച്ചുനിരത്തിയ സ്ഥലമാണ്. അവശേഷിക്കുന്നതെല്ലാം നശിപ്പിക്കും. ഹമാസിനോ മറ്റെന്തിനോ ഇനി അവിടെയില്ല. ഗാസ ഒരു വലിയ റിയൽ എസ്റ്റേറ്റ് മേഖലയായി മാറും. യുഎസ് അതിനെ സ്വന്തമാക്കി മനോഹരമായി പുനർനിർമിക്കും,” ട്രംപ് പ്രസ്താവിച്ചു.

20 ലക്ഷം പലസ്തീൻക്കാരെ ഗാസയിൽ നിന്ന് ഒഴിപ്പിക്കണമെന്ന് ട്രംപ് വീണ്ടും ആവശ്യപ്പെട്ടു . “അവരിൽ കുറച്ചുപേരെ യുഎസ് സ്വീകരിക്കാൻ തയ്യാറാണ്, പക്ഷേ ഓരോ അപേക്ഷയും കർശനമായി പരിശോധിക്കും,” ട്രംപ് പറഞ്ഞു. മധ്യപൂർവത്തിലെ സമ്പന്ന രാജ്യങ്ങൾ ഗാസയുടെ പുനർനിർമാണത്തിൽ പങ്കാളിയാകുമെന്ന് ട്രംപ് വ്യക്തമാക്കി, പക്ഷേ ഹമാസിന്‍റെ തിരിച്ചുവരവ് അനുവദിക്കില്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്.