സംസ്ഥാനത്ത് നിരോധനാജ്ഞ ; കര്‍ശന നിയന്ത്രണങ്ങള്‍, പൊതുഗതാഗതത്തിന് തടസമില്ല

Jaihind News Bureau
Saturday, October 3, 2020

 

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിരോധനാജ്ഞ. പൊതു സ്ഥലങ്ങളില്‍ അഞ്ചിലധികം പേര്‍ കൂട്ടം ചേരാന്‍ പാടില്ല. കണ്ടെയിന്‍മെന്‍റ് മേഖലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കും. ആരാധനാലയങ്ങളിലും പൊതുചടങ്ങുകളിലും 20 ൽ കൂടുതൽ ആളുകൾ പങ്കെടുക്കരുത്. വിവാഹം , ശവസംസ്കാരം ഒഴികെ പൊതുപരിപാടികള്‍ നിരോധിച്ചു. പൊതുഗതാഗത്തിന് നിയന്ത്രണമില്ല. പരീക്ഷകള്‍ക്കും മാററമില്ല.

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് അതാത് ജില്ലാ കളക്ടർമാരാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പൊതുസ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടരുതെന്ന നിർദ്ദേശം എല്ലായിടത്തും ബാധകമാണ്. സർക്കാർ ചടങ്ങുകൾ, മതപരമായ ചടങ്ങുകൾ, പ്രാർത്ഥനകൾ, രാഷ്ട്രീയ-സാമൂഹ്യ പരിപാടികൾ എന്നിവയിൽ 20 പേർ മാത്രമേ പങ്കെടുക്കാവൂ. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ വിവാഹം, ശവസംസ്‌കാരം എന്നിവയ്‌ക്കൊഴികെ അഞ്ച് പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന പൊതു പരിപാടികളോ കൂടിച്ചേരലുകളോ അനുവദിക്കില്ല. ഈ പ്രദേശങ്ങളില്‍ വിവാഹം, ശവസംസ്‌കാരം എന്നിവയ്ക്ക് പരമാവധി 20 പേരെ പങ്കെടുപ്പിക്കാം. കണ്ടെയ്ന്‍മെന്‍റ് സോണിന് പുറത്ത് വിവാഹ ചടങ്ങിൽ 50 പേർ വരെയാകാം.

പി.എസ്.സി അടക്കമുള്ള പരീക്ഷകൾക്ക് മാറ്റമില്ല. ഒക്ടോബര്‍ രണ്ടിന് മുമ്പ് പ്രഖ്യാപിച്ച പൊതു പരീക്ഷകള്‍ മുന്‍നിശ്ചയിച്ചതനുസരിച്ച് നടത്താം. ഇനി പ്രഖ്യാപിക്കാനുള്ള പരീക്ഷകള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെ വേണം ക്രമീകരിക്കാന്‍. പൊതുഗതാഗതത്തിന് തടസമില്ല. സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ ബാങ്കുകൾ ഹോട്ടലുകൾ എന്നിവയെല്ലാം കൊവിഡ് പ്രോട്ടോക്കാൾ അനുസരിച്ച് പ്രവർത്തിക്കും. പൊതുഗതാഗതം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവ സാമൂഹിക അകലം പാലിച്ച് പ്രവര്‍ത്തിക്കണം. സമ്പൂർണ്ണ അടച്ചിടല്‍ എന്നതല്ല നിയന്ത്രണങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്‍ഡോര്‍, ഔട്ട് ഡോര്‍ പരിപാടികള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ പലചരക്ക്, മരുന്ന്, പാല്‍, പച്ചക്കറി, മാംസം, മത്സ്യം വിതരണത്തിന് തടസമില്ല. റവന്യു, ആരോഗ്യം, പൊലീസ്, തദ്ദേശസ്വയംഭരണം, വൈദ്യുതി, ശുചീകരണം, ജലവിതരണം എന്നീ അവശ്യ സര്‍വീസുകള്‍ അനുവദിക്കും. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും പുറത്തേക്കു പോകാന്‍ പാടില്ല.

ഈ മാസം 15 മുതൽ കേന്ദ്രത്തിന്‍റെ പുതിയ അൺലോക്ക് ഇളവുകൾ നിലവിൽ വരും. സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങരുതെന്നും ജില്ലാ കളക്ടര്‍മാരുടെ നിര്‍ദേശമുണ്ട്. പൊലീസ് പരിശോധനയും കര്‍ശനമാക്കും. പ്രതിദിന കൊവിഡ് കണക്ക് ഒമ്പതിനായിരവും കടന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.