കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍; മഹാരാഷ്ട്രയില്‍ 136 മരണം, 85000 ത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു

Jaihind Webdesk
Saturday, July 24, 2021

മുംബൈ : കനത്ത മഴയിലും  മണ്ണിടിച്ചിലിലും മഹാരാഷ്ട്രയില്‍ 136 മരണം. കനത്ത മഴയില്‍ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മഹാരാഷ്ട്രയിലെ കോലാപ്പൂര്‍, റായ്ഗഡ്, രത്നഗിരി, പല്‍ഘര്‍, താനെ, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ വെള്ളപ്പൊക്ക സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. വെള്ളപ്പൊക്കഭീഷണിയെ തുടര്‍ന്ന് 84,000 ത്തോളം പേരെ ഇതിനോടകം മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ആറ് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

റായ്ഗഡ് ജില്ലയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് മലയുടെ അവശിഷ്ടങ്ങള്‍ പാര്‍പ്പിട പ്രദേശത്ത് പതിച്ച് 36 പേരാണ് മരിച്ചത്. മുപ്പത്തിയഞ്ച് വീടുകളാണ് മണ്ണിനടിയിലായത്. 70 ലധികം പേരെ കാണാതായി. സൈന്യവും എന്‍ഡിആര്‍എഫും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം വിവിധയിടങ്ങളില്‍ തുടരുകയാണ്. സതാരയിലെ പത്താന്‍ തഹ്സിലിലെ അംബേഗര്‍, മിര്‍ഗാവ് ഗ്രാമങ്ങളിലും വ്യാഴാഴ്ച രാത്രി എട്ട് വീടുകള്‍ മണ്ണിനടിയിലായി. രത്നഗിരി ജില്ലയിലെ ചിപ്ലൂണിലെ കൊവിഡ് ആശുപത്രിയില്‍ വെള്ളപ്പൊക്കത്തില്‍ വൈദ്യുതി വിതരണം നിലച്ചതിനെത്തുടര്‍ന്ന് ഓക്‌സിജന്‍ കിട്ടാതെ എട്ട് രോഗികള്‍ മരിച്ചു. പശ്ചിമ മഹാരാഷ്ട്രയിലെ സതാര ജില്ലയില്‍ മരിച്ചവരുടെ എണ്ണം 27 ആണ്. കിഴക്കന്‍ ജില്ലകളായ ഗോണ്ടിയ, ചന്ദ്രപൂര്‍ എന്നിവിടങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയാണ് മറ്റ് മരണങ്ങള്‍. മുംബൈയോട് ചേര്‍ന്നുള്ള ഗോവണ്ടിയില്‍ കെട്ടിടം തകര്‍ന്ന് നാല് പേരാണ് മരിച്ചത്. മരിച്ചവരെല്ലാം ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്. പരിക്കേറ്റ ആറ് പേരെ മുംബൈയിലെ രാജ് വാഡിയിലും സിയോണ്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഗോവയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ തീവണ്ടി പാളം തെറ്റി. മംഗളുരുവില്‍ നിന്ന് മുംബൈയിലേക്ക് യാത്ര പുറപ്പെട്ട പാസഞ്ചര്‍ തീവണ്ടിയുടെ മേല്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. യാത്രക്കാര്‍ക്കാർക്കും പരിക്കില്ല. പാളം തെറ്റിയ കോച്ചിലെ യാത്രക്കാരെ മറ്റ് കോച്ചുകളിലേക്ക് മാറ്റി തീവണ്ടി കൂലം സ്‌റ്റേഷനിലേക്ക്‌ യാത്ര പുറപ്പെട്ടു. മുംബൈയിലേക്കുള്ള മംഗളുരു എക്സ്പ്രസ് ലോണ്ട-മീറജ് റൂട്ടിലാണ് പാളം തെറ്റിയത്. കനത്ത മഴയെത്തുടര്‍ന്ന് ദുധ്‌സാഗര്‍-സൊണോലിം സ്റ്റേഷനുകള്‍ക്കിടയില്‍ വെച്ചാണ് മണ്ണിടിഞ്ഞ് വീണ്‌ തീവണ്ടി പാളം തെറ്റിയത്. തുടര്‍ന്ന് ഇതുവഴിയുള്ള തീവണ്ടിഗതാഗതവും തടസപ്പെട്ടു. നിലവില്‍ മുംബൈയിലേക്കും കേരളത്തിലേക്കുമുള്ള വണ്ടികള്‍ വഴിതിരിച്ചുവിടാന്‍ കഴിയാത്ത അവസ്ഥയിലാണ്. വണ്ടിയിലെ 345 യാത്രക്കാരെയും പിന്നീട് തിരികെ മഡ്ഗാവില്‍ എത്തിച്ചു.

സംഭവത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്ന് ബുധനാഴ്ച പുറപ്പെട്ട 02780 ഹസ്രത്ത് നിസാമുദ്ദീന്‍-വാസ്‌കോഡഗാമ എക്‌സ്പ്രസ് സ്പെഷല്‍ ട്രെയിന്‍ ലോണ്ടയ്ക്കും വാസ്‌കോ ഡഗാമയ്ക്കും ഇടയില്‍ ഭാഗികമായി റദ്ദാക്കി. ട്രെയിന്‍ നമ്പര്‍ 08048 വാസ്‌കോ ഡ ഗാമ-ഹൗറ എക്‌സ്പ്രസ് സ്പെഷ്യല്‍, 07420 വാസ്‌കോഡ ഗാമ-തിരുപ്പതി എക്‌സ്പ്രസ് സ്പെഷ്യല്‍, 07420/07022 വാസ്‌കോഡ ഗാമ-തിരുപ്പതി ഹൈദരാബാദ് എക്സ്പ്രസ് സ്പെഷല എന്നീ ട്രെയിനുകളും മണ്ണിടിച്ചിലിനെത്തുടര്‍ന്ന് റദ്ദാക്കി. മഹാരാഷ്ട്രയില്‍ കൊങ്കണ്‍ മേഖലയിലടക്കം മഴ ശക്തമായി തുടര്‍ന്നതിനാല്‍ കൊങ്കണ്‍ തീവണ്ടിപ്പാത തുടര്‍ച്ചയായി രണ്ടാം ദിവസവും അടച്ചു.

വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നിരവധി പേരാണ് വിവിധ പ്രദേശങ്ങളില്‍ കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. 84,000 ലേറെ പേരെ ഇതിനോടകം സുരക്ഷിതസ്താനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.