അമിത്ഷായുടെ പൊതുപരിപാടിയില്‍ പങ്കെടുത്ത 11 പേര്‍ സൂര്യാഘാതമേറ്റ് മരിച്ചു; സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ദുരന്തമെന്ന് എന്‍സിപി

Jaihind Webdesk
Monday, April 17, 2023

മുംബൈ: മഹാരാഷ്ട്രയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പൊതുപരിപാടിയില്‍ പങ്കെടുത്ത 11 പേര്‍ സൂര്യാഘാതമേറ്റ് മരിച്ചു. നവി മുംബൈയിലെ കാര്‍ഗറില്‍ വെച്ച് നടന്ന മഹാരാഷ്ട്ര ഭൂഷണ്‍ ദിന ചടങ്ങില്‍ പങ്കെടുത്ത 11 പേരാണ് സൂര്യാഘാതമേറ്റ് മരിച്ചത്. ചടങ്ങില്‍ പങ്കെടുത്ത നൂറോളം പേര്‍ എംജിഎം കാമോഥെ ആശുപത്രിയില്‍ ചികിത്സയിലാണ്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ചടങ്ങില്‍ പങ്കെടുത്തു. രാവിലെ മുതല്‍ ആളുകള്‍ ഒത്തുകൂടാന്‍ തുടങ്ങിയ പരിപാടി 11.30ഓടെ ആരംഭിച്ച് ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ടു. സമ്മേളനം നടന്ന സ്ഥലത്ത് 38 ഡിഗ്രി ചൂട് ഉണ്ടായിരുന്നു. ചടങ്ങില്‍ പങ്കെടുത്ത പലര്‍ക്കും ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും 125 ഓളം പേര്‍ക്ക് തളര്‍ച്ചയും നെഞ്ചുവേദനയും അനുഭവപ്പെടുകയും ചെയ്തു. ചടങ്ങില്‍ പത്തു ലക്ഷത്തിലേറെപ്പേര്‍ പങ്കെടുത്തതായാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. ആയിരക്കണക്കിനു പേര്‍ ശനിയാഴ്ച തന്നെ മൈതാനത്ത് എത്തിയിരുന്നു. ലക്ഷക്കണക്കിനു പേര്‍ എത്തുമെന്ന് ഉറപ്പുണ്ടായിട്ടും അനുയോജ്യ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെന്ന് ആരോപണമുണ്ട്.

സാമൂഹിക പ്രവര്‍ത്തകന്‍ അപ്പാസാഹേബ് ധര്‍മ്മാധികാരി എന്ന ദത്താത്രേയ നാരായണ്‍ ധര്‍മ്മാധികാരിയെ ആദരിക്കുന്നതിനാണ് ചടങ്ങ് സംഘടിപ്പിച്ചത്. ലക്ഷക്കണക്കിന് ആളുകള്‍ ചടങ്ങിന് എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ധര്‍മ്മാധികാരിയുടെ അനുയായികളും ശിഷ്യന്മാരും ഇതിലുള്‍പ്പെടുന്നു. സംഭവം ദൗര്‍ഭാഗ്യകരമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

അതേസമയം അപകടത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് മുന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ രംഗത്തെത്തി. കൃത്യമായ ആസൂത്രണത്തോട് കൂടിയല്ല അവാര്‍ഡ് ദാന ചടങ്ങ് സംഘടിപ്പിച്ചതെന്നും സംഭവം ആര് അന്വേഷിക്കുമെന്നും ഉദ്ദവ് താക്കറെ ചോദിച്ചു. ഉദ്ദവ് താക്കറെയ്‌ക്കൊപ്പം മകന്‍ ആദിത്യ താക്കറെയും എന്‍സിപി നേതാവ് അജിത് പവാറും എംജിഎം കാമോഥെ ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പൊതുപരിപാടിയില്‍ പങ്കെടുത്ത 11 പേര്‍ സൂര്യാഘാതമേറ്റ് മരിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് എന്‍സിപി രംഗത്തെത്തി.
സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ദുരന്തമെന്ന് എന്‍സിപി നേതാവ് അജിത് പവാര്‍ ആരോപിച്ചു.