കരാറെടുത്ത കമ്പനിക്ക് പണം നല്‍കുന്നില്ല, കുടിശിക 25 കോടി; സംസ്ഥാനത്തെ 108 ആംബുലന്‍സ് സര്‍വീസുകള്‍ നിര്‍ത്തുന്നു

തിരുവനന്തപുരം:  കരാറെടുത്ത  കമ്പനിക്ക് പണം നല്‍കാതെ വന്നതോടെ സംസ്ഥാനത്തെ 108 ആംബുലന്‍സ് സര്‍വീസുകള്‍ നിര്‍ത്തുന്നു. കമ്പനിക്ക്  കുടിശിക 25 കോടിയോളമുണ്ട്. കഴിഞ്ഞ നാല് മാസമായി കുടിശിക നല്‍കിയിട്ടില്ല. അതേസമയം 24നകം കുടിശിക തീര്‍ക്കണമെന്നാവശ്യപ്പെട്ട് കമ്പനി കത്ത് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയടക്കം തീരുമാനം ബാധിക്കും.

മൂന്ന് മാസം കൂടുമ്പോഴാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്ന കമ്പനി സര്‍ക്കാരിന് ബില്‍ സമര്‍പ്പിക്കേണ്ടത്. കരാര്‍ പ്രകാരം പത്ത് ദിവസത്തിനുള്ളില്‍ ബില്ലിന്‍റെ 60%ശതമാനം നല്‍കണമെന്നും പിഴയുണ്ടെങ്കില്‍ അത് ഈടാക്കി ബാക്കി 40% തുക നല്‍കണമെന്നുമാണ് വ്യവസ്ഥ. എന്നാല്‍ അധികൃതര്‍ ഈ വ്യവസ്ഥകള്‍ പാലിച്ചിട്ടില്ല.

ഇതോടെ ആംബുലന്‍സുകള്‍ക്കായുള്ള ഇന്ധനം, അറ്റകുറ്റപണികള്‍ക്കായുള്ള തുക, ജീവനക്കാരുടെ ശമ്പളം എന്നിവയില്‍ വന്‍ ബാധ്യതയാണുള്ളതെന്നും കമ്പനി പറയുന്നു. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ ഹൈദരാബാദ് ആസ്ഥാനമായ ജിവികെ ഇഎംആര്‍ഐ എന്ന കമ്പനിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല നല്‍കിയിരിക്കുന്നത്.

Comments (0)
Add Comment