അമൃത് പദ്ധതിക്ക് കീഴിൽ കേരളത്തിൽ ഇതുവരെ 1023 പദ്ധതികൾ ; ടി.എന്‍ പ്രതാപന്‍ എം.പിയുടെ ചോദ്യത്തിന് മറുപടി

ന്യൂഡൽഹി: കേന്ദ്രസർക്കാർ പദ്ധതിയായ അമൃത് (അടൽ മിഷൻ ഫോർ റെജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ) പദ്ധതിക്ക് കീഴിൽ കേരളത്തിൽ ഇതുവരെ 1023 പദ്ധതികൾ ആവിഷ്കരിച്ചതായി കേന്ദ്ര ഭവന നിർമാണ-നഗര വികസന വകുപ്പ് മന്ത്രി ഹർദീപ് പുരി ലോക്സഭയെ രേഖാമൂലം അറിയിച്ചു. ഇത് സംബന്ധിച്ച ടി.എൻ പ്രതാപൻ എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം സഭയെ അറിയിച്ചത്.

2015 മുതൽ 2020 വരെയുള്ള കാലയളവിൽ രാജ്യത്തെ 500 പട്ടണങ്ങൾ നവീകരിക്കാനുള്ള പദ്ധതിയാണ് അമൃത്. ആകെ ഒരുലക്ഷം കോടിയുടെ പദ്ധതിയായാണ് അമൃത് കണക്കാക്കപ്പെടുന്നത്. ഇതിൽ 50,000 കോടി കേന്ദ്ര സർക്കാർ നൽകും. പദ്ധതികൾ ആവിഷ്കരിക്കുന്നതും ചെയ്യുന്നതും സംസ്ഥാന സർക്കാരാണെങ്കിലും അന്തിമ അനുമതി കേന്ദ്ര നഗരവികസന മന്ത്രാലയം നൽകും. സംസ്ഥാനങ്ങളുടെ വാർഷിക പദ്ധതികൾക്കുള്ള ധനസഹായം എന്ന അടിസ്ഥാനത്തിലാണ് കേന്ദ്രം അമൃത് പദ്ധതികളുടെ അമ്പത് ശതമാനം അനുവദിക്കുക. പദ്ധതികൾ നിരീക്ഷിക്കാൻ ജില്ലാടിസ്ഥാനത്തിൽ ഡിസ്ട്രിക്ട് ലെവൽ അഡ്വൈസിംഗ് ആൻഡ് മോണിറ്ററിംഗ് കമ്മിറ്റികൾ രൂപീകരിക്കാനും പദ്ധതികളുടെ നടത്തിപ്പ് വിശകലനം ചെയ്യാനും സംസ്ഥാനങ്ങൾക്ക് നിർദേശമുണ്ട്. രാജ്യത്തെ പ്രധാന മുനിസിപ്പാലിറ്റികൾ, ചെറുപട്ടണങ്ങൾ, ഹെറിറ്റേജ് പദവിയുള്ള നഗരങ്ങൾ എന്നിവക്ക് പുറമെ എഴുപത്തി അയ്യായിരത്തിന് മുകളിലും ഒരുലക്ഷത്തിന്‌ താഴെയും ജനസംഖ്യയുള്ള നദീതട മലയോര നഗരങ്ങളും ഈ പദ്ധതിയുടെ പ്രത്യേക പരിഗണനയിലുണ്ട്.

സംസ്ഥാനങ്ങളുടെ വാർഷിക പദ്ധതി എന്ന നിലക്ക് 77,640 കോടി രൂപയുടെ പദ്ധതികൾ ഇതിനകം അംഗീകരിച്ചു കഴിഞ്ഞു. അതിൽ 39,011 കോടി രൂപ ജലവിതരണത്തിനും, 32,456 കോടി രൂപ മാലിന്യ സംസ്കരണത്തിനും, 2,969 കോടി രൂപ അഴുക്കുചാൽ നിർമ്മാണത്തിനുമായി അനുവദിച്ചിട്ടുണ്ട്. 1,436 കോടി രൂപ മോട്ടർ വാഹനങ്ങളല്ലാത്തവയുടെ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും 1,768 കോടി രൂപ പാർക്കുകളും ഹരിതാഭമായ ഇടങ്ങൾ ഒരുക്കുന്നതിനുമായി നീക്കിയിരുന്നു. കേരളത്തിലേക്ക് ഇതുവരെ 2,359 കോടി രൂപയുടെ വാർഷിക പദ്ധതികൾ അംഗീകരിച്ചിട്ടുണ്ട്. അതിൽ 1,161.20 കോടി രൂപയുടെ കേന്ദ്രസഹായം നൽകും. ഇതുവരെ ഈ ഇനത്തിൽ 426.97 കോടി രൂപ കേരളത്തിന് നൽകിയതായും മന്ത്രി ഹർദീപ് സിംഗ് പുരി ടി.എൻ പ്രതാപനുള്ള മറുപടിയിൽ അറിയിച്ചു.

T.N Prathapan MP
Comments (0)
Add Comment