10 കോടി ഭാഗ്യം 11 വനിതകള്‍ക്ക്; മണ്‍സൂണ്‍ ബംപര്‍ മലപ്പുറത്തെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക്

Jaihind Webdesk
Thursday, July 27, 2023

മലപ്പുറം: പത്തുകോടിയുടെ മണ്‍സൂണ്‍ ബംപര്‍ ഒന്നാം സമ്മാനം മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ 11 വനിതകൾ ചേർന്നെടുത്ത ഭാഗ്യക്കുറിക്ക്. ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് 10 കോടിയുടെ ഭാഗ്യം ലഭിച്ചത്.

ഇന്നലെ നറുക്കെടുത്ത മൺസൂൺ ബമ്പര്‍ എം.ബി 200261 നമ്പര്‍ ടിക്കറ്റ് പാലക്കാട് ഏജൻസിയിൽ നിന്നും പരപ്പനങ്ങാടിയിലെത്തിയ ഏജൻറാണ് വില്‍പന നടത്തിയത്.  ബിന്ദു, ഷീജ, ലീല, രശ്മി, കാർത്ത്യായനി, രാധ, കുട്ടിമാളു, ബേബി, ചന്ദ്രിക, പാർവതി, ശോഭ എന്നിവരടങ്ങുന്ന ഹരിത കർമ സേനയിലെ അംഗങ്ങൾ ചേർന്നാണ് 250 രൂപക്ക് ടിക്കറ്റ് എടുത്തത്. രാവിലെ ജോലിക്കിടെ കടയിൽ ചായ കുടിക്കുന്നതിനിടെയാണ് ഭാഗ്യക്കുറി പരിശോധിച്ചത്. ആദ്യം വിശ്വസിച്ചില്ലെന്നും പിന്നീട് പലർക്കും വാട്സ് ആപ്പിലൂടെ ടിക്കറ്റ് നമ്പർ അയച്ച് നൽകി പരിശോധിച്ച് ഉറപ്പ് വരുത്തുകയായിരുന്നുവെന്നും അവർ പറഞ്ഞു.
രാധയുടെ നേതൃത്വത്തിലാണ് ടിക്കറ്റെടുത്തത്.
നാലാം തവണ ഇവർ ഒരുമിച്ച് ലോട്ടറി എടുക്കുന്നത്. ഓണത്തിന് 1000 രൂപ സമ്മാനം കിട്ടി. കോടീശ്വരികളായെങ്കിലും ഒരിക്കലും ഹരിത കർമ സേനയിലെ ജോലി ഒഴിവാക്കില്ലെന്ന് ഇവർ പറയുന്നു. സമ്മാനാര്‍ഹമായ ടിക്കറ്റ് പരപ്പനങ്ങാടിയിലെ പൊതുമേഖല ബാങ്കില്‍ ഏല്‍പ്പിച്ചു. ബംപറിച്ച ഭാഗ്യവാന്മാര്‍ ഉടന്‍ തന്നെ പരസ്യമായി രംഗത്തുവരാതിരുന്നതിനെ തുടര്‍ന്ന് മണ്‍സൂണ്‍ ബംപര്‍ ആര്‍ക്ക് എന്ന തരത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.