സംസ്ഥാനത്ത് കനത്ത പേമാരിയും പ്രളയവും. സംസ്ഥാനത്ത് ഇന്ന് 32 പേര് മരിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിനിടെ, രക്ഷാപ്രവർത്തനങ്ങൾക്കായി കൂടുതൽ കേന്ദ്ര സേനയെ. ആവശ്യപ്പെടാൻ സർക്കാർ തീരുമാനിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിൽ ശനിയാഴ്ച വരെ സർവീസില്ല. മണ്ണിടിച്ചിലിനെ തുടര്‍ന്ന് കൊല്ലം-ചെങ്കോട്ട പാതയിൽ ട്രെയിൻ സർവീസ് നിർത്തിവെച്ചു.
https://www.youtube.com/watch?v=equn7aX-g7o
അടുത്ത നാലു ദിവസം കൂടി മഴ തുടരുമെന്ന മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ അതീവ ജാഗ്രത പുലർത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 142 അടിയിലേക്ക് എത്തുന്ന സാഹചര്യത്തിൽ തമിഴ്നാട് സർക്കാരുമായും കേന്ദ്രവുമായും ബന്ധപ്പെടാൻ തീരുമാനിച്ചതായും തിരുവനന്തപുരത്ത് ചേർന്ന ഉന്നത തല യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. ജല നിരപ്പുയർന്നതിനാൽ ഡാമുകൾ എല്ലാം തുറന്നതിനെത്തുടര്‍ന്ന് കിള്ളിയാറ്റിലും കരമനായറ്റിലും വെള്ളം പൊങ്ങി. തിരുവനന്തപുരം ജില്ലയിൽ 47 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
കനത്ത മഴയെത്തുടര്‍ന്ന് കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ ശങ്കിലി വനമേഖലയില്‍ ഉരുൾപൊട്ടൽ ഉണ്ടായി. ഇതേത്തുടര്‍ന്ന് കൊല്ലം-ചെങ്കോട്ട പാതയിൽ ട്രെയിൻ സർവീസ് നിർത്തിവെച്ചു.
പത്തനംതിട്ട ജില്ലയിൽ കനത്ത മഴയെ തുടർന്ന് പമ്പയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പമ്പാ നദിയിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. പമ്പാ നദി കടന്നു പോകുന്ന പ്രദേശങ്ങളിൽ ഉള്ളവരും ശബരിമല തീർത്ഥാടകരും അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. റാന്നി ഉൾപ്പെടെയുള്ള പല സ്ഥലങ്ങളും വെള്ളപ്പൊക്ക ഭീക്ഷണിയിലാണ്.
ഇടുക്കി നെടുങ്കണ്ടത്ത് ഉരുൾപൊട്ടി മൂന്ന് മരണം. അതേ സമയം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 13 ഷട്ടറുകളും നാലടി ഉയർത്തി വെള്ളം തുറന്നു വിടുകയാണ്. ജലനിരപ്പ് 142 അടിയായി.
ചെറുതോണി അണക്കെട്ടിന്റെ കഴിഞ്ഞ ദിവസം അടച്ച രണ്ട് ഷട്ടറുകൾ കൂടി തുറന്നു. അഞ്ച് ഷട്ടറുകളും തുറന്നു. ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. അതേസമയം മൂന്നാർ ടൗൺ ഒറ്റപ്പെട്ടു. മൂന്നാറിൽ ഹോട്ടൽ തകർന്ന് തൊഴിലാളി മരിച്ചു.
പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. തീരത്തുള്ളവർക്ക് കനത്ത ജാഗ്രത നിർദ്ദേശം നൽകി. 45 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി ജില്ലാഭരണകൂടം അറിയിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചു.
വടക്കൻ കേരളത്തിൽ മഴ ശക്തമായി തുടരുന്നു. ഇന്നലെ തുടങ്ങിയ മഴ മലയോരങ്ങളിൽ ഉൾപ്പടെ പലയിടത്തും നിലക്കാതെ പെയ്യുകയാണ്. മലപ്പുറത്ത് 10 ഉം, കോഴിക്കോട് ഒരാളും മഴക്കെടുതിയിൽ മരിച്ചു. രണ്ടിടത്തും പുഴയിൽ വീണ് 2 പേരെ കാണാതായി. പാലക്കാട്ടും മഴ ശക്തമായി തുടരുകയാണ്.
https://www.youtube.com/watch?v=XJ9wwb_Eu2Y
കാസർഗോഡ് ജില്ലയുടെ മലയോര മേഖലകളിൽ മഴ ശക്തമായി തുടരുന്നു. കാസർഗോഡ് നിന്നും ബംഗ്ലൂരൂവിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ്സ് സർവിസ് ഉൾപ്പടെ പൂർണ്ണമായും നിലച്ചു. മണ്ണിടിച്ചലിനെ തുടർന്ന് സുള്ള്യ മദ്ധിക്കേരി മൈസൂർ ബാഗ്ളൂർ ഭാഗങ്ങിലേക്ക് വാഹന ഗതാഗതവും നിരോധിച്ചു.