വ്യാജ വാർത്തകളും തെറ്റായ സന്ദേശങ്ങളും പ്രചരിക്കുന്നത് തടയുന്നതിന് കർശന നടപടിയുമായി വാട്‌സാപ്പ്. ഫോർവേഡ് മെസേജുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാണ് വാട്‌സാപ്പ് തയ്യാറെടുക്കുന്നത്. ഇനി മുതൽ ഇന്ത്യയിൽ ഒരേ സമയം അഞ്ചു പേർക്ക് മാത്രമേ സ്‌ന്ദേശം അയ്ക്കുവാൻ സാധിക്കൂകയുള്ളൂ.
മറ്റുള്ളവരുമായി പങ്കുവയ്ക്കാവുന്ന ടെക്സ്റ്റ് മെസേജുകൾ, വീഡിയോ, ഫൊട്ടോ എന്നിവയിൽ ഫോർവോഡ് ചെയ്യുന്നതിന് നിയന്ത്രണം കൊണ്ടുവരാനാണ് തീരുമാനം. ഇന്ത്യയിൽ അഞ്ച് ചാറ്റുകളായാണ് ഇത് ചുരുക്കുന്നത്. അതോടെ ഒരു അക്കൗണ്ടിൽ നിന്ന് വെറും അഞ്ച് തവണ മാത്രമാണ് ഒരു സന്ദേശം ഫോർവേഡ് ചെയ്യാനാവുക.
പരീക്ഷണാടിസ്ഥാനത്തിൽ ഇന്ത്യയിലാണ് ഇപ്പോൾ ഇത് നടപ്പാക്കുന്നത്. നേരത്തെ വ്യാജ വാർത്തകളെ തടയുന്നതിനായി വാട്‌സ് ആപ് ഫോർവേഡ് മെസേജുകൾക്ക് മുകളിൽ പ്രത്യേക ലേബൽ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യാജ വാർത്തകൾ തടയുന്നതിനായി വാട്‌സ് ആപിന്റെ പുതിയ നീക്കം. വ്യാജവാർത്തകൾ തടയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ സർക്കാർ രണ്ടാമത്തെ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ നടപടികൾ കർശനമാക്കാൻ വാട്‌സ് ആപ് നിർബന്ധിതമായത്.
വാട്‌സ് ആപിലുടെ പ്രചരിക്കുന്ന വ്യാജവാർത്തകൾ രാജ്യത്തെ ആൾക്കൂട്ട കൊലകൾക്ക് കാരണമായതിനെ തുടർന്നാണ് കർശന നടപടികൾ സ്വീകരിക്കാൻ സർക്കാർ നിർദേശിച്ചത്. ആൾക്കൂട്ട കൊലപാതകത്തിനെതിരെ സുപ്രീംകോാടതിയും രംഗത്ത് വന്നിരുന്നു.
അതേസമയം വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കും അറിയിച്ചിരുന്നു. മാത്രമല്ല പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിക്കൊണ്ട് ആപ്പ് വികസിപ്പിക്കാനും വാടസ്ആപ്പ് തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ട്. സംശയാസ്പദമായ ലിങ്കുകൾ കണ്ടെത്തുകയും അതിനെകുറിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്ന സേവനം ആരംഭിക്കുവാനും വാട്‌സാപ്പ് തയ്യാറാക്കുന്നുണ്ട്.