വീട്ടില്‍ കഞ്ചാവുകൃഷി, കാവലിന് റോട്ട് വീലര്‍ നായകള്‍: കൊല്ലം സ്വദേശികള്‍ പിടിയില്‍

Jaihind News Bureau
Wednesday, March 19, 2025

കഞ്ചാവു കച്ചവടവും ഉപയോഗവും മതിയാകാതെ വന്നപ്പോള്‍ വീട്ടുവളപ്പില്‍ അതിന്റെ കൃഷിയും തുടങ്ങി. ആരും അന്വേഷിച്ചു വരാതിരിക്കാന്‍ റോട്ട് വീലര്‍, ജര്‍മ്മന്‍ ഷെപ്പേര്‍ഡ് തുടങ്ങിയ നായകളേയും വളര്‍ത്തി. കൊല്ലം ഓച്ചിറ മേമന സ്വദേശികളായ മനീഷിന്റേയും അഖില്‍ കുമാറിന്റെയും ഇത്തരം വഴിവിട്ട ജീവിതം പോലീസ് ഇന്ന് അവസാനിപ്പിച്ചു. വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയ 38 കഞ്ചാവു ചെടികള്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. മേമനയിലെ വീട്ടില്‍ നിന്നും 10.5 കിലോ കഞ്ചാവും പിടികൂടി.

പിടിയിലായവരില്‍ മനീഷ് നേരത്തെ എംഡിഎംഎ കേസില്‍ പ്രതിയാണ്. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ്, കൂട്ടാളിയായ അഖില്‍കുമാറിന്റെ വീട്ടുവളപ്പിലെ കഞ്ചാവ് കൃഷി കണ്ടെത്തുന്നത്. ഏറെ ശ്രമകരമായിട്ടാണ് ഇവരെ പിടികൂടിയതെന്ന് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ഇന്‍സ്പെക്ടര്‍ സി പി ദിലീപ് പറഞ്ഞു. അഖില്‍കുമാര്‍ നേരത്തെയും കഞ്ചാവ് കേസിലെ പ്രതിയാണ്.

ചെടിച്ചട്ടികളിലും പറമ്പിലുമായി കഞ്ചാവ് നട്ടുവളര്‍ത്തുകയായിരുന്നു. ഏതാണ്ട് രണ്ടുമാസത്തോളം പ്രായമുള്ള, 40 സെന്റിമീറ്ററോളം വലിപ്പമുള്ള കഞ്ചാവ് ചെടികളാണ് പിടിച്ചെടുത്തത്. കൊണ്ടുവരുന്ന കഞ്ചാവിലെ നല്ല വിത്തുകള്‍ തെരഞ്ഞെടുത്ത് നട്ടുവളര്‍ത്തുകയായിരുന്നുവെന്നാണ് ഇയാള്‍ എക്സൈസിനോട് പറഞ്ഞത്.

പരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് നേരെ റോട്ട് വീലര്‍, ജര്‍മ്മന്‍ ഷെപ്പേര്‍ഡ് തുടങ്ങിയ വിദേശ ഇനത്തില്‍പ്പെട്ട അക്രമകാരികളായ നായകളെ തുറന്നു വിട്ട് രക്ഷപ്പെടുകയായിരുന്നു ഇവരുടെ പതിവ്. അതിനാല്‍ അതിസാഹസികമായിട്ടാണ് ഇത്തവണ ഇവരെ പിടികൂടിയതെന്ന് ഇന്‍സ്പെക്ടര്‍ പറഞ്ഞു.