വിഎസ് -പിണറായി ഈഗോ വ്യക്തമാക്കി വീണ്ടും മുഖ്യമന്ത്രിയുടെ പ്രതികരണം

കഞ്ചിക്കോട് കോച്ച് ഫാക്ടറി വിഷയത്തിലും വിഎസ് -പിണറായി ഈഗോ വ്യക്തമാക്കി മുഖ്യമന്ത്രിയുടെ പ്രതികരണം. കേന്ദ്ര റയിൽവേ മന്ത്രി പീയൂഷ് ഗോയലിനെതിരെ രൂക്ഷവിമർശനവുമായാണ് പിണറായി വിജയൻ ഇന്ന് മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. നിരവധി തവണ കൂടിക്കാഴ്ച്ചക്ക് അനുമതി തേടിയ മുഖ്യമന്ത്രിയെ അവഗണിച്ച് വിഎസിനെ പരിഗണിച്ച പീയൂഷ് ഗോയലിന്‍റെ നടപടിയിലുള്ള അതൃപ്തിയാണ് പിണറായിയുടെ വാക്കുകളിൽ പ്രകടമായത്.

കോച്ച് ഫാക്ടറിക്കായി സ്ഥലമെടുപ്പ് നല്ലരീതിയിൽ പുരോഗമിക്കുന്നുണ്ടെന്നും നിലവിൽ റെയിൽവേയുടെ കയ്യിലാണ്‌ ആ ഭൂമിയെന്നും പറഞ്ഞ പിണറായി വിജയൻ മന്ത്രിയാണെന്ന് കരുതി എന്തും പറയാമോയെന്നും പീയൂഷ് ഗോയലിനെ വിമർശിച്ചു. കോച്ച് ഫാക്ടറി സംബന്ധിച്ച് വിഎസിന് ലഭിച്ച ഉറപ്പിനെക്കുറിച്ച്‌ ചോദിച്ചപ്പോൾ അത് നല്ലകാര്യമല്ലേയെന്നായിരുന്നു ആദ്യ പ്രതികരണം. എന്നാൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് എല്ലാവരോടും പറഞ്ഞിട്ട് കാര്യമൊന്നുമില്ല. അത് പ്രാവർത്തികമാക്കുകയാണ് വേണ്ടതെന്ന പീന്നീടുള്ള വാക്കുകളിൽ പക്ഷേ അതൃപ്തി നിഴലിക്കുന്നുണ്ടായിരുന്നു.

https://www.youtube.com/watch?v=Nmqc_ZpOdaQ

കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട് ഇന്നലെ വിഎസുമായുള്ള കൂടിക്കാഴ്ച്ചക്കായി മാത്രം പ്രത്യേക ഫ്‌ളൈറ്റിലെത്തിയ കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ വിഎസിന്റെ വരവിൽ സന്തോഷം പ്രകടിപ്പിക്കുകയും കോച്ച് ഫാക്ടറി പ്രാവർത്തികമാക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. ഇന്നലെ ചണ്ഡീഗഡിലായിരുന്ന പീയൂഷ് ഗോയലിന് വിഎസുമായുള്ള കൂടിക്കാഴ്ചയല്ലാതെ ഡൽഹിയിൽ മറ്റ് പരിപാടികൾ ഒന്നുമുണ്ടായിരുന്നില്ല.

അതേസമയം, കഞ്ചിക്കോട് വിഷയത്തിൽ കേന്ദ്ര അവഗണനയെന്ന് കാട്ടി പിണറായിയും സംഘവും ഇന്നലെ റെയിൽ വേ മന്ത്രാലയത്തിന് മുന്നിൽ ധർണ നടത്തിയിരുന്നു. അതിന് ശേഷം പീയൂഷ് ഗോയലുമായുള്ള കൂടിക്കാഴ്ച്ചക്ക് സമയം ചോദിച്ചെങ്കിലും ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് വി.എസ് അച്യുതാനന്ദൻ അനായാസം മന്ത്രിയെ കണ്ട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന ഉറപ്പ് നേടിയത്. ഇത് പിണറായി വിജയനേറ്റ കനത്ത തിരിച്ചടി തന്നെയായി. ഇതിന്റെ പ്രതിഫലനമാണ് ഇന്ന് കേന്ദ്രമന്ത്രിക്കെതിരായ രൂക്ഷ പ്രതികരണമെന്നാണ് വിലയിരുത്തൽ.

pinarayi vijayanVS Achuthanandan
Comments (0)
Add Comment