വായ്പാ തട്ടിപ്പ്; രാജ്യംവിട്ട നീരവ് മോദിയെ തിരികെയെത്തിക്കാന്‍ ശ്രമം

ബാങ്കുകളെ കബളിപ്പിച്ച് രാജ്യം വിട്ട രത്‌നവ്യാപാരി നീരവ് മോദിയെ തിരിച്ചെത്തിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ തിരക്കിട്ട ശ്രമങ്ങൾ നടക്കുന്നതായി റിപ്പോർട്ട്.

കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ സി.ബി.ഐ, എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് അധികൃതരുമായി യോഗം ചേർന്നിരുന്നു. നീരവിന്റെ പാസ്‌പോർട്ട് റദ്ദാക്കിയിട്ടും എങ്ങനെയാണ് അയാൾ ലോകം ചുറ്റുന്നതെന്ന കാര്യം യോഗത്തിൽ ചർച്ചയായി.

പല രാജ്യങ്ങളും പാസ്‌പോർട്ട് റദ്ദാക്കൽ പരിഗണിക്കാത്ത അവസ്ഥയുണ്ട്. എന്നാൽ ഇൻറർപോളിന്‍റെ ‘റെഡ് കോർണർ നോട്ടീസ്’ ഉണ്ടെങ്കിൽ പ്രതി പിടിയിലാകും. ഈ നോട്ടീസ് ഇതുവരെ പുറത്തിറക്കിയിട്ടില്ല. അതിനിടെ നീരവ് മോദി വിഷയത്തിൽ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ചൊവ്വാഴ്ച പ്രത്യേക യോഗം വിളിച്ചു. നീരവ് മോദി ഇപ്പോൾ ഉണ്ടെന്ന് കരുതുന്ന യു.കെ, ബെൽജിയം, ഫ്രാൻസ് എന്നീ രാജ്യങ്ങളോട് വിഷയം വീണ്ടും ഉന്നയിച്ചിട്ടുണ്ട്. നീരവിന്റെ താമസസ്ഥലം എവിടെയെന്ന് കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർഥിച്ചുണ്ടെന്നാണ് സൂചന.

നീരവ് എവിടെയാണ് തങ്ങുന്നതെന്ന കാര്യം വ്യക്തമായാൽ തിരികെ അയക്കണമെന്ന് ഇന്ത്യ അഭ്യർഥിക്കും. പക്ഷേ ഇതിനുള്ള ഉഭയകക്ഷി കരാർ നിലവിലുണ്ടെങ്കിൽ മാത്രമേ തിരികെയെത്തിക്കൽ യാഥാർഥ്യമാകൂ. അന്വേഷണ ഏജൻസികളുടെ അഭ്യർഥനയുണ്ടായാൽ മാത്രമേ മന്ത്രാലയം ഇത്തരത്തിലുള്ള നടപടികളിലേക്ക് നീങ്ങാനിടയുള്ളൂ.

അതിനിടെ നീരവ് മോദി പഞ്ചാബ് നാഷനൽ ബാങ്കിന്റെ ഹോങ്കോംഗ്, ദുബായ് ബ്രാഞ്ചുകളിൽനിന്നും വായ്പയെടുത്തെന്നാണ് പുറത്തുവരുന്ന വിവരം. അന്വേഷണ ഏജൻസികൾക്ക് ബാങ്ക് നൽകിയ റിപ്പോർട്ടിലാണ് ഈ വിവരം. നീരവിന്റെ ‘ഫയർസ്റ്റാർ ഡയമണ്ട് ലിമിറ്റഡ്’ ആണ് രണ്ട് സ്ഥലങ്ങളിലുമുള്ള പി.എൻ.ബിയിൽനിന്ന് വായ്പയെടുത്തത്.

nirav modi
Comments (0)
Add Comment