റംസാന്‍ മാസത്തില്‍ മുസ്‌ളിങ്ങള്‍ക്ക് ജോലി സമയം 4 മണി വരെയാക്കി തെലങ്കാന സര്‍ക്കാര്‍ ഉത്തരവ്

Jaihind News Bureau
Tuesday, February 18, 2025

റംസാന്‍ മാസത്തില്‍ മതപരമായ ആചാരങ്ങള്‍ക്കായി ജോലിസമയത്തില്‍ ഇളവു വരുത്തി തെലങ്കാന സര്‍ക്കാരിന്റെ ഉത്തരവ്. സര്‍ക്കാര്‍ -പൊതുമേഖലാ വകുപ്പുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്ലീം ജീവനക്കാര്‍ക്ക് വൈകുന്നേരം നാലു മണിവരെയായിരിക്കും ജോലിസമയം. 2025 മാര്‍ച്ച് 2 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമം ഒരു മാസത്തേയ്ക്കായിരിക്കും പ്രാബല്യത്തിലുണ്ടാവുക, മുസ്ലീം ജീവനക്കാര്‍ക്ക് മാത്രമായിരിക്കും ജോലി സമയത്തില്‍ ഇത്തരത്തില്‍ ഒരു മണിക്കൂര്‍ ഇളവു ലഭിക്കുക

പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഔദ്യോഗിക സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന ഇളവ് എല്ലാ മുസ്ലീം ജീവനക്കാര്‍ക്കും ബാധകമാണ്. റംസാന്‍ വ്രതാനുഷ്ഠാനത്തില്‍ ജീവനക്കാരെ അവരുടെ മതപരമായ കര്‍ത്തവ്യങ്ങളും പ്രാര്‍ത്ഥനകളും പാലിക്കുന്നതിന് സഹായിക്കുന്നതിനാണ് ഈ നീക്കമെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. അധ്യാപകര്‍, കരാര്‍, ഔട്ട്സോഴ്സിംഗ് ജീവനക്കാര്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, പൊതുമേഖല എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ഈ ഇളവുകള്‍ ലഭിക്കും.

എന്നാല്‍ ഈ തീരുമാനം ചില വിമര്‍ശനത്തിനും കാരണമായിട്ടുണ്ട്, തെലങ്കാന സര്‍ക്കാര്‍ ‘പ്രീണന രാഷ്ട്രീയം’ കളിക്കുന്നതായി ബിജെപി ആരോപിച്ചു. മുസ്ലീം വോട്ടുകളെ ആശ്രയിച്ചാണ് കോണ്‍ഗ്രസ് പാര്‍ട്ടി അധികാരം നേടിയതെന്നും പ്രീണന രാഷ്ട്രീയത്തെയാണ് ഇത്തരം ഉത്തരവുകള്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും ബിജെപി ആരോപിച്ചു. എല്ലാവര്‍ക്കും തുല്യാവകാശം ലഭിക്കേണ്ട സംസ്ഥാനത്ത് ഈ തീരുമാനം മതപരമായ ഭിന്നതകള്‍ വര്‍ദ്ധിപ്പിക്കുമെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഒരു സമുദായത്തിന്റെ മതപരമായ ആചാരങ്ങള്‍ വോട്ട് ബാങ്ക് രാഷ്ട്രീയമായി സര്‍ക്കാര്‍ ചുരുക്കുകയാണെന്നും അമിത് മാളവ്യ കുറ്റപ്പെടുത്തി.

തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വക്താവ് സയ്യിദ് നിസാമുദ്ദീന്‍ സര്‍ക്കാരിന്റെ നീക്കത്തെ ന്യായീകരിച്ചു, ബിജെപിയുടെ ആരോപണങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഗീയ പ്രസ്താവനകള്‍ നടത്തുന്നത് ബിജെപിക്ക് ശീലമാണെന്നും അദ്ദേഹം പറഞ്ഞു. ദസറ പ്രമാണിച്ച് 13 ദിവസത്തെ അവധി നല്‍കിയത് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എല്ലാ ഉത്സവങ്ങളുടെയും കാര്യത്തില്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.