യു.എസ് സുപ്രീം കോടതി ജഡ്ജി പദവിയിലേക്ക് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിൽ ഇന്ത്യൻ വംശജനും. പ്രശസ്ത ഇന്തോ-അമേരിക്കൻ ജഡ്ജി അമുൽ ഥാപ്പറാണ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ പരിഗണയിലുള്ള 25 പേരിൽ ഒരാൾ.
49-കാരനായ ഥാപ്പറുമായി കഴിഞ്ഞ ദിവസം പ്രസിഡൻറ് ട്രംപും അദ്ദേഹത്തിൻറെ നിയമസംഘവും അഭിമുഖം നടത്തിയിരുന്നു. വൈറ്റ്ഹൗസിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്. ജസ്റ്റിസ് ആന്തണി കെന്നഡി വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ ജഡ്ജിയുടെ നിയമനം ആവശ്യമായിവരുന്നത്. പരിഗണനയിലുള്ള ജഡ്ജിമാരുടെ പേരുകൾ പ്രസിഡൻറ് ട്രംപോ വൈറ്റ്ഹൗസോ പുറത്തുവിട്ടിട്ടില്ല.
അതേസമയം നാലുപേരെ അഭിമുഖം ചെയ്തതായി വൈറ്റ്ഹൗസ് സ്ഥിരീകരിച്ചു. അമുൽ ഥാപ്പർ, ബ്രട്ട് കാവനോ, ആമി കോണി ബാരറ്റ്, റെയ്മണ്ട് കീത്ത്ലെഡ്ജ് എന്നിവരാണ് ഈ നാല് പേരെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. നിലവിൽ സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസിന്റെ ന്യായാധിപനാണ് ഥാപ്പർ. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്തോ-അമേരിക്കൻ വംശജനും രണ്ടാമത്തെ ദക്ഷിണേഷ്യൻ ന്യായാധിപനുമാണ് ഇദ്ദേഹം.