കൊറിയൻ യുദ്ധം വേർപെടുത്തിയ കുടുംബങ്ങൾക്കായി പുനഃസമാഗമം സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഇരു കൊറിയകളും. 1953ലെ യുദ്ധം മൂലം വേർപെട്ടുപോയവർക്ക് കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുമെന്ന് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺജെ ഇന്നും തമ്മിൽ നടന്ന ചർച്ചയിൽ തീരുമാനിച്ചിരുന്നു.
വാർധക്യത്തിലെത്തിനിൽക്കുന്ന പൗരന്മാരുടെ മനുഷ്യാവകാശം പരിഗണിച്ചാണ് കൂടിക്കാഴ്ചയെന്ന തീരുമാനത്തിലെത്തിയതെന്ന് ദക്ഷിണ കൊറിയൻ പ്രതിനിധികൾ വെള്ളിയാഴ്ച അറിയിച്ചു. കഴിഞ്ഞകാലത്തുനിന്ന് പുറത്തുവരാനാകണമെന്ന് പുനഃസമാഗമത്തിനായി നിയോഗിച്ച ഉത്തര കൊറിയൻ ഏജൻസിയുടെ ഡെപ്യൂട്ടി തലവൻ പക് യങ് പറഞ്ഞു.
ഇതിനുമുമ്പ് 2015ലാണ് പുനഃസമാഗമം സംഘടിപ്പിച്ചത്. ചിരിയും കണ്ണീരും ഒരുപോലെ നിറഞ്ഞതായിരുന്നു ഈ സമാഗമം. ആഗസ്റ്റില്‍ ദേശീയതലത്തിൽ പൊതുഅവധി ദിവസം കുടുംബങ്ങളുടെ സമാഗമം നടത്താമെന്ന് വെള്ളിയാഴ്ച ഉത്തര കൊറിയയിലെ മൗണ്ട് കംഗങ്ങിൽ നടന്ന പ്രതിനിധിയോഗത്തിൽ തീരുമാനമായി. അതിർത്തികൊണ്ട് വേർപെട്ട് മനസുകൊണ്ട് അകലാതെ കഴിയുന്ന കുടുംബങ്ങൾക്ക് ആശയവിനിമയത്തിന് വീഡിയോ കോൺഫറൻസുകളും കത്തുകളയക്കാനുള്ള സൗകര്യവും ഒരുക്കണമെന്ന് ദക്ഷിണ കൊറിയ ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്.
ജപ്പാന്റെ കോളനിഭരണത്തിൽനിന്ന് മോചിതമായതിന്റെ വാർഷികം ആഘോഷിക്കുന്ന ആഗസ്ത് 15ന് സമാഗമം നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. 1953ൽ കൊറിയൻ യുദ്ധം അവസാനിച്ചത് സമാധാന ഉടമ്പടിയോടെ ആയിരുന്നില്ല. യുദ്ധം ചെയ്യാതിരിക്കാനുള്ള സന്ധി മാത്രമാണുണ്ടായത്. യുദ്ധം അവസാനിച്ചിട്ടും അതിർത്തിക്കപ്പുറമുള്ള ബന്ധുക്കളെ സന്ദർശിക്കാനോ അനുമതി ഇല്ലാതെ ആശയവിനിമയം നടത്താനോ കൊറിയൻ പൗരന്മാർക്ക് കഴിഞ്ഞിരുന്നില്ല. 2000 മുതൽ നടത്തിയ സമാഗമങ്ങളില്‍ 20,000ത്തോളം പേരാണ് ഉറ്റവരെ കാണാൻ എത്തിയത്.