പ്രളയഫണ്ട് തട്ടിപ്പ് കേസിൽ ഉന്നതർ കുടുങ്ങും; ബാങ്ക് ഡയറക്ടറുടെ ആത്മഹത്യാക്കുറിപ്പിൽ സിപിഎം നേതാക്കളുടെ പേരുകൾ, ആത്മഹത്യാക്കുറിപ്പ് ജയ്ഹിന്ദ് ന്യൂസിന്‌

കൊച്ചി: കൊച്ചിയിലെ പ്രളയഫണ്ട് തട്ടിപ്പ് കേസിൽ സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ ഉൾപ്പടെ ഉന്നതർ പ്രതികളാകും. ബാങ്ക് ഡയറക്ടറുടെ ആത്മഹത്യാക്കുറിപ്പിൽ സിപിഎം നേതാക്കളുടെ പേരുകൾ കണ്ടെത്തി. ആത്മഹത്യാ കുറിപ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു. ബന്ധുക്കൾ ആത്മഹത്യാ കുറിപ്പ് പോലീസിന് കൈമാറി.

അതേസമയം  കൊച്ചിയിലെ പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതികൾ നടത്തിയത് വൻ തട്ടിപ്പെന്ന് ക്രൈം ബ്രാഞ്ച്. തട്ടിപ്പിനെ കുറിച്ചുള്ള വിശദാംശങ്ങൾ പുറത്ത് വരാൻ ഒന്നാം പ്രതിയെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അപേക്ഷ നൽകി. അതിനിടെ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി.

എറണാകുളത്തെ പ്രാദേശിക സിപിഎം നേതാക്കൾ പ്രതികളായ പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ ഇപ്പോൾ പ്രതികളായവർക്ക് പുറമെ മറ്റാളുകളുമുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. നിലവിലെ അന്വേഷണത്തിൽ 23 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതായും ഒന്ന് മുതൽ ഏഴ് വരെയുള്ള പ്രതികളുടെ അക്കൗണ്ട് വഴിയാണ് തട്ടിപ്പ് നടന്നതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയുണ്ട്. കൂടാതെ ഇത്രയും വലിയ തട്ടിപ്പ് നടത്താൻ പ്രതികൾക്ക് ഉന്നത സ്വാധീനമുള്ളവരുടെ സഹായം ലഭിച്ചിരിക്കാമെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. നിലവിൽ പ്രതിചേർത്തവർക്ക് പുറമെ മറ്റു ചിലർക്കും പണം ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇതാരെല്ലാമാണെന്ന് ഇപ്പോൾ അറസ്റ്റിലായ പ്രതികൾക്ക് അറിയാമെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കേസിലെ ഒന്നാം പ്രതി വിഷ്ണു പ്രസാദിനെ മാർച്ച് 16 വരെ കസ്റ്റഡിയിൽ ആവശ്യപ്പൊൻ ക്രൈംബ്രാഞ്ച് തയ്യാറായത്. അതേ സമയം തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ സി പി എം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ അടക്കമുള്ളവർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. ഇതേ കുറിച്ച് അനേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിജിലൻസ് ഡയറക്ടർക്കും മുൻ എസ്.എഫ്.ഐ നേതാവായിരുന്ന ഗിരീഷ് കുമാർ പരാതി നൽകിയിരുന്നു.

ക്രൈം ബ്രാഞ്ച് അന്വേഷണം പാർട്ടിയിലെ ഉന്നത നേതാക്കളിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ എറണാകുളത്തെ സിപിഎം നേതൃത്വം.അതേസമയം ഫണ്ട് തട്ടിപ്പ് കേസിലെ മൂന്നാം പ്രതിയും മുൻ സി പി എം ലോക്കൽ കമ്മിറ്റി അംഗവുമായ എ.എം.അൻവറും ഭാര്യയും ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച്ച പരിഗണിക്കും.

 

Comments (0)
Add Comment