പോലീസ് ഡ്രൈവർ ഗവാസ്കറെ മർദിച്ച കേസിൽ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകളുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഹർജിയിൽ ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.
അറസ്റ്റ് തടയണം എന്ന ആവശ്യത്തെ സർക്കാർ എതിർത്തു. വാഹനത്തിൽ നിന്ന് ഇറങ്ങി വന്ന് എ.ഡി.ജി.പിയുടെ മകൾ ഗവാസ്കറെ മർദിച്ചെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഗവാസ്കറിന് മർദനമേറ്റതിന് ശാസ്ത്രീയ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു. തുടർന്നാണ് അറസ്റ്റ് തടയാനാകില്ലെന്ന് കോടതി വ്യക്തമാക്കിയത്.
രാജ്യത്തെ ഏത് പൗരനും തുല്യമായ അവകാശമേ എ.ഡി.ജി.പിയുടെ മകൾക്കുമുള്ളൂ. പ്രത്യേക പരിഗണനയൊന്നും നൽകാനാകില്ല. കുറ്റം ചെയ്തിട്ടില്ലെങ്കിൽ എന്തിന് അറസ്റ്റ് ഭയപ്പെടണമെന്നും കോടതി ചോദിച്ചു. കോടതിയുടെ സംരക്ഷണം വേണ്ടയാളല്ല എ.ഡി.ജി.പിയുടെ മകളെന്ന് ചൂണ്ടിക്കാട്ടി ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യവും തള്ളി. ഹർജി അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
ഗവാസ്കറിന് എതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരുന്നത്. ഗവാസ്കർ മോശമായ രീതിയിൽ സംസാരിച്ചുവെന്നും ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്നും ആരോപിച്ചിരുന്നു. അതുകൊണ്ട് ഇരയായ തന്നെ പ്രതിചേർത്ത് എടുത്ത കേസ് റദ്ദാക്കി അന്വേഷണം സ്റ്റേ ചെയ്യണമെന്നായിരുന്നു എ.ഡി.ജി.പിയുടെ മകളുടെ ആവശ്യം.