പാലത്തായിയില്‍ പ്രതിപക്ഷ പ്രതിഷേധം ഉയര്‍ന്നു; ഒരു മാസത്തോളം ‘കണ്ടെത്താനാകാത്ത’ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പൊലീസ്

 

പാനൂര്‍ പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിജെപി നേതാവ് പത്മരാജന്‍ ഒളിവിലാണെന്ന് പറഞ്ഞ പൊലീസ്, വ്യാപകപ്രതിഷേധത്തെ തുടര്‍ന്ന് പ്രതിയെ പൊയിലൂരില്‍ നിന്നും  പിടികൂടിയത് ചര്‍ച്ചയാകുന്നു. കേസില്‍ പരാതി നല്‍കി ഒരു മാസമായിട്ടും പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

ഇതിനിടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് എസ്.പി ഓഫീസിനു മുന്നില്‍ നിരാഹാര സമരം ആരംഭിച്ചതും പൊലീസ് നടപടികള്‍ വേഗത്തിലാക്കി. സംഭവത്തില്‍ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ പ്രതിഷേധ ക്യാംപെയിന്‍ ഉയരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ഉണ്ടായത്. ‘പാലത്തായി മറ്റൊരു വാളയാറാക്കുവാൻ അനുവദിക്കില്ല’ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ  സമരം. പ്രതിഷേധ ക്യാംപെയിനുമായി യൂത്ത് ലീഗും രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലും വ്യാപകപ്രതിഷേധമുണ്ടായി. കേസ് അട്ടിമറിക്കാനുള്ള ശ്രമം തടയണമെന്നും പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട്  മുഖ്യമന്ത്രിയുടെ പോസ്റ്റുകളിലുടനീളം കമന്‍റുകളുയര്‍ന്നു. മുഖ്യമന്ത്രിയുടെ ജില്ലയിലും, സാമൂഹ്യനീതി-ശിശുക്ഷേമ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മന്ത്രി കെ.കെ ശൈലജയുടെ മണ്ഡലത്തിലുമാണ് സംഭവം നടന്നതെന്നും നിസാരകാര്യങ്ങളില്‍ കൂടി ശ്രദ്ധപുലര്‍ത്തുന്ന മുഖ്യമന്ത്രി ഇത്രയും ഗൗരവതരമായ കാര്യം നടന്നിട്ടും ഒരു ആശങ്കയും പ്രകടിപ്പിക്കാത്തത് അത്ഭുതമാണെന്നും കമന്‍റുകള്‍ വന്നിരുന്നു.

 

Comments (0)
Add Comment