സംരക്ഷിക്കൂ, അല്ലെങ്കില്‍ പൊളിക്കൂ: താജ്മഹല്‍ വിഷയത്തില്‍ സുപ്രീം കോടതി

Jaihind News Bureau
Wednesday, July 11, 2018

താജ്മഹൽ വിഷയത്തിൽ കേന്ദ്രസർക്കാരിനും ഉത്തർപ്രദേശ് സർക്കാരിനും എതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. താജ്മഹൽ പരിപാലിക്കാൻ സാധിച്ചില്ലെങ്കിൽ പൊളിച്ചുകളയുകയോ അടച്ചിടുകയോ ചെയ്യണമെന്നും സുപ്രീംകോടതി ശക്തമായ ഭാഷയിൽ വിമർശിച്ചു.

പരിസ്ഥിതി പ്രവർത്തകൻ എം.സി.മെഹ്ത സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവെ ജസ്റ്റിസ് മദൻ ബി ലോകൂർ അധ്യക്ഷനായ ബഞ്ചാണ് സർക്കാരുകളെയും ആർക്കിയോളജി വിഭാഗത്തെയും രൂക്ഷമായി വിമർശിച്ചത്. താജ്മഹൽ സംരക്ഷണത്തിലെ അലംഭാവം ചൂണ്ടിക്കാട്ടിയ കോടതി സർക്കാരുകളുടെ ഉദാസീനത മൂലം രാജ്യത്തിനുണ്ടാകുന്ന നഷ്ടം തിരിച്ചറിയുന്നുണ്ടോ എന്ന് കോടതി ചോദിച്ചു. ചരിത്രസ്മാരകത്തിന്‍റെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി നിർവഹിക്കുന്നില്ലെന്നും നിരവധി വിനോദ സഞ്ചാരികൾ എത്തുന്ന പ്രദേശത്തെ വൃത്തിഹീനമായ ചുറ്റുപാടും വനനശീകരണവും എല്ലാം ചൂണ്ടിക്കാട്ടിയാണ് എം.സി. മെഹ്ത ഹർജി സമർപ്പിച്ചത്.

https://www.youtube.com/watch?v=c0zegZD1hOw

താജ്മഹലിന്‍റെ സംരക്ഷണത്തിന് വിശദമായ രൂപരേഖ സമർപ്പിക്കണമെന്ന് നിർദേശിച്ചിരുന്നെങ്കിലും ഉത്തർപ്രദേശ് സർക്കാർ അനങ്ങിയിട്ടില്ല. സംരക്ഷണവുമായി ബന്ധപ്പെട്ട നയരേഖ കൊണ്ടുവരുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച കൂടുതൽ വാദങ്ങൾ കേൾക്കുന്നതിനായി ഹർജി ജൂലൈ 31ലേക്ക് മാറ്റിവച്ച കോടതി, താജ് മഹൽ സംരക്ഷണത്തിന് സ്വീകരിച്ച നടപടികൾ അന്നേദിവസം വിശദമായി അറിയിക്കണമെന്ന് കേന്ദ്രസർക്കാരിനോട് നിർദേശിച്ചു .

ആഗ്ര നിവാസികൾക്ക് മാത്രമേ താജ്മഹലിനുള്ളിലെ വെള്ളിയാഴ്ച്ച പ്രാർഥനകളിൽ പങ്കെടുക്കാനാകൂ എന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.