സംസ്ഥാനത്ത് കെ.എസ്.യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് പൂർണം. ഇന്നലെ കെ.എസ്.യുവിന്റെ സെക്രട്ടറിയേറ്റ് മാർച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി ഇന്‍ വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നത്.
കെ.എസ്.യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് സമാധാനപരമാണ്. സംസ്ഥാനത്ത് എങ്ങും തന്നെ യാതൊരു അക്രമസംഭവവും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം പ്രവർത്തിച്ചില്ല. അധ്യയനത്തിന് മുടക്കം വരാതിരിക്കാൻ ചില സ്ഥലങ്ങളില്‍ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തകരെത്തി അടപ്പിച്ചു.
ജെസ്ന കേസ് അന്വേഷണം CBI യ്ക്ക് വിടുക, പരിയാരം മെഡിക്കൽ കോളജ് ഫീസ് സർക്കാർ നിരക്കിൽ നിജപ്പെടുത്തുക, കേരള യൂണിവേഴ്സിറ്റിയിലെ ഒഴിവുകൾ നികത്തുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചായിരുന്നു കെ.എസ്.യു കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിലക്ക് മാർച്ച് നടത്തിയത്. എന്നാൽ എ.ഐ സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി മാർച്ച് ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് പിന്നാലെ പോലീസ് സമരക്കാർക്ക് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. ലാത്തിയും ആണി തറച്ച പ്രത്യേക ചൂരലും ജലപീരങ്കിയുമൊക്കെയായി അതിക്രൂരമായാണ് പോലീസ് വനിതകളടക്കമുള്ള സമരക്കാരെ നേരിട്ടത്.
കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത് അടക്കമുള്ളവർക്ക് അക്രമത്തിൽഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വൈസ് പ്രസിഡന്റുമാരായ ജസീർ പള്ളിവയൽ, സ്നഹ ആർ.വി, റിങ്കു പടിപ്പുരയിൽ, ജനറല്‍ സെക്രട്ടറി നബിൽ കല്ലമ്പലം, നേതാക്കളായ ശില്ല, റിയാസ് പത്തിശേരിൽ എന്നിവർക്ക് ഗുരുതര പരിക്കേറ്റു. ഓരോരുത്തരെയും വളഞ്ഞിട്ട് പോലീസ് കൂട്ടമായി തല്ലിച്ചതയ്ക്കുകയായിരുന്നു.
ലാത്തിയ്ക്ക് പുറമെ ആണി തറച്ച ചൂരൽ കഷണങ്ങളടക്കം ഉപയോഗിച്ചായിരുന്നു മർദ്ദനം. നേതാക്കൾക്ക് മർദനമേറ്റതോടെ പോലീസിനെതിരെ മുദ്രാവാക്യം മുഴക്കി കെ.എസ്.യു പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. തുടർന്ന് എ.സി.പിയുടെ നേതൃത്വത്തിൽ പോലീസ് പിന്നെയും മർദനം തുടർന്നു. റോഡിലൂടെ വലിച്ചിഴച്ചാണ് പോലീസ് പ്രവർത്തകരെ വാഹനത്തിൽ കയറ്റിയത്.
ഗുരുതരമായി പരിക്കേറ്റവരെ ആംബുലൻസിലും പോലീസ് വാഹനങ്ങളിലുമായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കെ.എം അഭിജിത്തടക്കമുള്ള നേതാക്കൾ ഇപ്പോഴും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.