ഹൈക്കോടതി ചീഫ് ജസ്റ്റീസും മലയാളിയുമായ കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു. സുപ്രീംകോടതി കൊളീജിയം നിലപാടിൽ ഉറച്ചുനിന്നതോടെ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ്ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീംകോടതിയിലേക്ക് ഉയർത്താൻ കേന്ദ്രസർക്കാർ സമ്മതിക്കുകയായിരുന്നു.
ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണമേർപ്പെടുത്തിയ കേന്ദ്രഓർഡിനൻസ് ഭരണഘടനാവിരുദ്ധമെന്ന് വിധിച്ച ജസ്റ്റിസ് കെ എം ജോസഫിന്റെ നിയമനം ഏഴു മാസത്തോളമാണ് കേന്ദ്രം വൈകിപ്പിച്ചത്. കൊളീജയത്തിൻറെ രണ്ടാമത്തെ ശിപാർശയാണ് കേന്ദ്രം അംഗീകരിച്ചത്. ജസ്റ്റീസ് ജോസഫിൻറെ പേര് പ്രത്യേകമായാണു ശുപാർശ ചെയ്തിരുന്നത്. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഇന്ദിര ബാനർജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റീസ് വിനീത് ശരൺ എന്നിവരെയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജഡ്ജിമാരായ രഞ്ജൻ ഗൊഗോയ്, മദൻ ബി. ലൊക്കൂർ, കുര്യൻ ജോസഫ്, എ.കെ. സിക്രി എന്നിവരുമുൾപ്പെട്ട കൊളീജിയമാണ് ഇവരെ ശുപാർശ ചെയ്തത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആയി ഋഷികേഷ് റോയിയേയും കേന്ദ്രം നിയമിച്ചു. നിലവിൽ കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസ് ആയിരുന്നു അദ്ദേഹം. സീനിയോരിറ്റി അടക്കം കാരണങ്ങൾ പറഞ്ഞാണ് നേരത്തെ ജോസഫിനെ നിയമിക്കണമെന്ന ശിപാർശ കേന്ദ്രസർക്കാർ മടക്കിയത്. രണ്ടു തവണയാണ് ജോസഫിൻറെ ശിപാർശ കേന്ദ്രം തള്ളിയത്. മുതിർന്ന അഭിഭാഷക ഇന്ദു മൽഹോത്രയ്ക്കൊപ്പം കെ.എം.ജോസഫിനേയും നിയമിക്കണമെന്ന് ജനുവരി 10നാണ് ആദ്യമായി ശിപാർശ നൽകിയത്. എന്നാൽ, കേന്ദ്രം ജോസഫിൻറെ പേര് അംഗീകരിച്ചില്ല. ഇതേത്തുടർന്ന് ജൂലൈ 16ന് കൊളീജിയം യോഗം ചേർന്ന് ജോസഫിനെ ജഡ്ജിയാക്കാൻ വീണ്ടും ശിപാർശ നൽകുകയായിരുന്നു. സീനിയോറിറ്റിയിൽ 42ാം സ്ഥാനത്താണ് ജസ്റ്റീസ്. കെ.എം.ജോസഫ് എന്നും ജസ്റ്റീസ് കുര്യൻ ജോസഫ് നിലവിൽ സുപ്രീം കോടതി ജഡ്ജിയായിനാൽ കെ.എം.ജോസഫിനെ കൂടി ഉൾപ്പെടുത്തിയാൽ കേരള ഹൈക്കോടതിക്ക് അധിക പ്രാതിനിധ്യം ലഭിക്കുമെന്നുമുള്ള വാദങ്ങളായിരുന്നു കേന്ദ്രം ഉയർത്തിയിരുന്നത്.