ആദിവാസി സമൂഹത്തിൽ ഉൾപ്പെട്ട ചോലനായ്ക്കൻ വിഭാഗത്തിലെ ആദ്യ ബിരുദാനന്തര ബിരുദധാരിയാവുകയാണ് നിലമ്പൂർ കരുളായി മാഞ്ചീരി കോളനിയിലെ വിനോദ്. 75 ശതമാനം മാർക്കോടെ അപ്ലൈഡ് ഇക്കണോമിക്സിൽ പോസ്റ്റ് ഗ്രാജുവേഷൻ സ്വന്തമാക്കിയ വിനോദ് സിവിൽ സർവീസ് പരിശീലനത്തിനുള്ള തയാറെടുപ്പിലാണ്.
നിലമ്പൂരിൽ നിന്നും കിലോമീറ്ററുകൾ അകലെ കരുളായി മാഞ്ചീരി കോളനിയിലെ ഗുഹകളിലാണ് ആദിവാസി വിഭാഗത്തിലെ ചോലനായ്ക്കൻ വിഭാഗക്കാരുള്ളത്. ഇവിടെ നിന്ന് വർഷങ്ങൾക്ക് മുൻപ് വാഴപ്പഴം തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ഒരു ആറുവയസുകാരനെ കിർത്താഡ്സ് അധികൃതർ പിടിച്ചു കൊണ്ടു പോയി ട്രൈബൽ സ്കൂളിൽ ചേർത്തു. വർഷങ്ങൾ പിന്നിട്ടപ്പോൾ മിടുക്കാനായൊരു ബിരുദാനന്തര ബിരുദധാരിയായി മാഞ്ചീരി കോളനിയിലെ മാനളചെല്ലൻ-വിജയ ദമ്പതികളുടെ ആ ആറുവയസുകാരനായ മകൻ.
https://www.youtube.com/watch?v=io5eTMrVGA4
ട്രൈബൽ സ്കൂൾ പഠന ശേഷമാണ് വിനോദ് പാലേമാട് വിവേകാനന്ദ കോളേജിൽ ഡിഗ്രിക്ക് ചേർന്നത്. ഇത് വിനോദിന്റെ ജീവിതം മാറ്റി മറിച്ചു. സ്ഥാപനത്തിൻറെ മാനേജർ ഭാസ്ക്കരപിള്ള സ്വന്തം മകനെപ്പോലെ വീട്ടിൽ നിർത്തി പഠിപ്പിച്ചു.
വിനോദിന് ഇനിയൊരു കളക്ടറാകണം. ആഗ്രഹം ഇതുമാത്രമല്ല വിനോദിന്. സഹോദരിമാർ ഉൾപ്പെടെ കോളനിയിൽ ഉള്ളവർക്ക് വിദ്യഭ്യാസം നൽകണം. സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കണം. അക്ഷരവെളിച്ചം പകർന്ന് അവരെ മുന്നിൽ നിന്ന് നയിക്കണം.