കമ്പകക്കാനം കൊല കേസ് : കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടേക്കാമെന്ന് പൊലീസ്

ഇടുക്കി വണ്ണപ്പുറം കമ്പകകാനത്തെ കൂട്ടക്കൊലപാതകത്തിലെ കേസ് അന്വേഷണത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടേക്കാമെന്ന് പൊലീസ്. വിവാഹം നടക്കുന്നതിനും വീട്ടില്‍ സമൃദ്ധി ഉണ്ടാകുന്നതിനും വേണ്ടി അനീഷ് കൃഷ്ണനെകൊണ്ട് നടത്തിയ പൂജകള്‍ ഫലിക്കാതെവന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

പിടിയിലായ ഒന്നാം പ്രതി അനീഷിന് കൃഷ്ണനോടും കുടുംബത്തോടും ഉണ്ടായിരുന്ന വൈരാഗ്യമാണ് കൊലപാതകങ്ങളിലേക്ക് നയിച്ചത്. വിവാഹം നടക്കുന്നതിനും വീടിന് സമൃദ്ധിയുണ്ടാകുന്നതിനും അനീഷ് പൂജാകര്‍മങ്ങള്‍ക്കായി 3000 രൂപ കൃഷ്ണന് നല്‍കിയിരുന്നു. പല ആളുകളില്‍നിന്നും കൃഷ്ണന് അനീഷ് വഴി പണം ലഭിച്ചു. എന്നാല്‍ ഇവയൊന്നും ഫലിക്കാതെ വന്നതിനെതുടര്‍ന്നാണ് കൃഷ്ണനെയും കുടുംബത്തെയും പ്രതികള്‍ വകവരുത്തിയത്.

കൊലപാതകശേഷം മൃതദേഹങ്ങള്‍ മറവ് ചെയ്യാന്‍ കൂടുതല്‍ പേരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കും. കൃഷ്ണന്‍റെ വീട്ടില്‍നിന്ന് പ്രതികള്‍ മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ കുറച്ച് തൊടുപുഴയില്‍ പണയം വച്ചിട്ടുണ്ട്. കുറച്ച് ആഭരണങ്ങള്‍ രണ്ടാംപ്രതി ലിബീഷിന്‍റെ വീട്ടില്‍നിന്ന് കണ്ടെടുത്തു. നാളെ അനീഷിനെ വിവിധയിടങ്ങളില്‍ എത്തിച്ച് തെളിവെടുക്കും. കോടതിയില്‍ ഹാജരാക്കുന്ന അനീഷിനെ പൊലീസ് ക്സറ്റഡയില്‍ ആവശ്യപ്പെടും.

KambakakkanamKrishnan
Comments (0)
Add Comment