എ.ഡി.ജി.പിയുടെ വീട്ടില്‍ നടക്കുന്നത് നഗ്നമായ മനുഷ്യാവകാശലംഘനം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പോലീസ് ഡ്രൈവര്‍

Friday, June 15, 2018

 

എ. ഡി. ജി. പി സുദേഷ് കുമാറിന്റെ മകൾക്കെതിരായ പരാതി പിൻവലിക്കാൻ സമ്മർദമെന്ന് പോലീസ് ഡ്രൈവർ ഗവാസ്‌ക്കറുടെ വെളിപ്പെടുത്തൽ. എ.ഡി.ജി.പിയുടെ വീട്ടിൽ നടക്കുന്നത് നഗ്‌നമായ മനുഷ്യലംഘനമാണെന്നും നായയെകുളിപ്പിക്കാൻ വരെ നിർബന്ധിക്കാറുണ്ടെന്നും ഗവാസ്‌ക്കർ വെളിപ്പെടുത്തി. അതേ സമയം ദാസ്യപ്പണി അവസാനിക്കണമെന്നാവശ്യപ്പെട്ട് പോലീസ് അസോസിയേഷൻ മുഖ്യമന്ത്രിക്കും ഡി.ജി.പി ക്കും പരാതി നൽകി.

എഡിജിപി സുദേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് പോലീസ് ഡ്രൈവർ ഗവാസ്‌കർ ഉന്നയിക്കുന്നത്. താനടക്കമുള്ള കീഴുദ്യോഗസ്ഥരെതകൊണ്ട് എ.ഡി.ജി.പിയും കുടുംബവും വീട്ടുജോലി ചെയ്യിക്കാറുണ്ടെന്നും നായയെ കുളിപ്പിക്കാൻ വരെ നിർബന്ധിക്കാറുണ്ടെന്നും ഗവാസ്‌ക്കർ പറയുന്നു.

സമാനമായ അനുഭവം ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. പട്ടിയെ പരിശീലിപ്പിക്കാൻ വിമുഖത കാണിച്ച പൊലീസുകാരനെ കാസർകോട്ടേക്ക് സ്ഥലം മാറ്റി. മകളെ നോക്കി ചിരിച്ചുവെന്നാരോപിച്ച് അഞ്ച് പൊലീസുകാരെ നല്ല നടപ്പ് പരിശീലനത്തിനയച്ചു. തുടങ്ങിയ വെളിപ്പെടുത്തലുകളും ഗവാസ്‌ക്കർ നടത്തി.

എ.ഡി.ജി.പിയുടെ മകൾക്കെതിരായി നൽകിയ പരാതി പിൻവലിക്കാൻ ഉന്നത ഉദ്യോഗസ്ഥര്‍ തനിക്ക് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നും എന്നാൽ പരാതിയുമായി മുന്നോട്ട് പോകുമെന്നും ഗവാസ്‌ക്കർ പറഞ്ഞു.

എ. ഡി. ജി. പി സുദേഷ് കുമാറിന്റെ മകൾ നടുറോഡിൽ വച്ചു തന്നെ മർദിച്ചെന്ന് ചൂണ്ടികാട്ടി പോലീസ് ഡ്രൈവറായ ഗവാസ്‌കർ കഴിഞ്ഞ ദിവസം പരാതിയുമായി രംഗത്ത് വന്നത് വലിയ വിവാദമായിരുന്നു.